ADVERTISEMENT

ചെന്നൈ ∙ 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട് പൊലീസിൽനിന്നു നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം. ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നൽകി. 

അടുത്തയിടെ വൻ ഹിറ്റായി മാറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന മലയാള സിനിമയിൽ, യുവാക്കളെ പൊലീസ് പീഡിപ്പിക്കുന്നത് അവതരിപ്പിച്ചിരുന്നു. 2006 ൽ കേരളത്തിൽനിന്നു കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ യുവാക്കളിലൊരാൾ ഗുണ കേവ്സിലെ ഗർത്തത്തിൽ വീണപ്പോഴാണ് കൂടെയുണ്ടായിരുന്നവർ കൊടൈക്കനാൽ പൊലീസ് സ്റ്റേഷനിൽ സഹായം തേടിയത്. എന്നാൽ, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിരുന്നു. ഒരു പോലീസുകാരനെ മാത്രമാണ് ഇവർക്കു സഹായത്തിനായി വിട്ടുനൽകിയത്. 

സിജു ഡേവിഡ് എന്ന യുവാവാണ് 120 അടിയോളം ആഴമുള്ള ഗർത്തത്തിൽനിന്നു സുഹൃത്തിനെ സാഹസികമായി രക്ഷിച്ചത്. ഈ സംഭവത്തെ ആധാരമാക്കിയാണു സിനിമ ഒരുക്കിയത്. സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗവും തമിഴ്നാട് കോൺഗ്രസ് നേതാവുമായ നിലമ്പൂർ സ്വദേശി വി.ഷിജു ഏബ്രഹാം നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായത്. 

‘കാലമിത്ര കഴിഞ്ഞില്ലേ, ഇനിയൊന്നും വേണ്ട’ 

മഞ്ഞുമ്മൽ ബോയ്സ് സംഘത്തിലെ സിജു ഡേവിഡ് (കുട്ടൻ) പറയുന്നു: ‘‘അന്ന് ഞങ്ങളുടെ ഒപ്പമുള്ളവരെ പൊലീസ് ഉപദ്രവിച്ചുവെന്നത് സത്യമാണ്. സ്റ്റേഷനിൽ പോയവരെ തല്ലി.  സിനിമയിറങ്ങിക്കഴിഞ്ഞു ഗുണ കേവ്സിൽ പോയപ്പോൾ പോലീസും ഫോറസ്റ്റ് ഗാർഡും മറ്റും വന്ന് അന്നത്തെ സംഭവത്തിന് മാപ്പു പറഞ്ഞു. ഒരുപാട് കൊലപാതകങ്ങൾ അവിടെയുണ്ടായിട്ടുണ്ടെന്നും അത്തരം സംഭവമാണെന്നാണ് വിചാരിച്ചതെന്നും പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞില്ലേ? എല്ലാവർക്കും പ്രായമായി. ഇനി കേസൊന്നും കൊടുത്ത് ആരെയും ബുദ്ധിമുട്ടിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല.’’

English Summary:

Investigation in Tamil Nadu about police torture of Manjummal boys in 2006

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com