വിഷാംശം: തിരുവിതാംകൂർ, മലബാർ ദേവസ്വം ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി
Mail This Article
തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ തീരുമാനിച്ചു. അർച്ചന, നിവേദ്യം എന്നിവയിൽ അരളിപ്പൂവ് ഉപയോഗിക്കില്ല. നിവേദ്യ സമർപ്പണത്തിനു ഭക്തർ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണു നൽകേണ്ടത്. ഭക്തരുടെയും സമൂഹത്തിന്റെയും ആശങ്ക പരിഗണിച്ചാണു തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. അരളിപ്പൂവു നിരോധിച്ച് നാളെ ഉത്തരവിറക്കണമെന്ന് നിർദേശം നൽകിയതായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി പറഞ്ഞു.
അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു. ഇതിൽ ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചതിനെ തുടർന്നാണു തീരുമാനം. മിക്ക ക്ഷേത്രങ്ങളിലും നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ഹരിപ്പാട്ട് ഒരു യുവതി കുഴഞ്ഞു വീണു മരിച്ചതിന്റെ കാരണം അരളിപ്പൂവും ഇലയും കടിച്ചതാണെന്നു വാർത്ത വന്നിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ബോർഡ് യോഗത്തിൽ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്തു ചില ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്.