ADVERTISEMENT

ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ക്ഷേത്രങ്ങളിൽ നിവേദ്യത്തിനും പൂജയ്ക്കും അരളിപ്പൂ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തുടർന്ന് ഇപ്പോൾ ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള അരളിയാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. ശരിക്കും അരളി വിഷമുള്ളതാണോ?

അപ്പോസൈനേസി കുടുംബത്തിലുള്ള നീരിയം (Nerium) ജനുസിലെ ഏക സ്പീഷിസാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യം ഏതു കാലാവസ്ഥയിലും വളരുന്നു.

yellow oleander. Image Credit: EuToch/iStockPhoto
yellow oleander. Image Credit: EuToch/iStockPhoto

മഞ്ഞ, ചുവപ്പ്, വെളുപ്പ്, പിങ്ക് എന്നീ നിറങ്ങളിലാണ് അരളിപ്പൂക്കൾ കാണപ്പെടുന്നത്. ഇതിന്റെ ഇല, തണ്ട്, പൂവ് എന്നിവിടങ്ങളിലെല്ലാം വിഷാംശം ഉണ്ട്. ഏകദേശം 3 മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നുണ്ട്. 

രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്‌. വെളുത്ത നിറത്തിലുള്ള കറ വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്‌. ഒലിയാൻഡ്രിൻ (Formula: C32H48O9: Molecular Weight: 576.72 g/mol), ഒലിയാൻഡ്രിജെനിൻ (C25H36O6: Molecular Weight: 432.557 g/mol ) എന്നിവയാണ് ഈ ചെടിയെ വിഷമയമാക്കുന്നത്. പശുക്കൾക്കും ആടിനും ഈ ചെടി കഴിക്കാൻ കൊടുക്കാറില്ല. മഞ്ഞ അരളിയുടെ കായ കഴിച്ച് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് നാട്ടിൻപുറങ്ങളിൽ ആത്മഹത്യ ചെയ്യാനായി ആളുകൾ ഈ കായ അരച്ചു കഴിക്കാറുണ്ടായിരുന്നു. പെട്ടെന്ന് മരണം ഉണ്ടാകില്ല. എന്നാൽ കഠിനമായ ഛർദിയും ശാരീരികാസ്വസ്ഥതയും അനുഭവപ്പെടുകയും അത് ചികിത്സിക്കാതെ വരുമ്പോൾ വിഷാംശം മറ്റ് അവയവങ്ങളെ ബാധിക്കുന്നതോടെ ജീവൻ നഷ്ടപ്പെട്ടവരുമുണ്ട്. ചെടി കത്തിക്കുമ്പോഴുണ്ടാകുന്ന പുക വഴിയും വിഷബാധയേൽക്കാമെന്ന് പറയുന്നു.

അരളി (Photo: X/ @blackgirldating)
·
അരളി (Photo: X/ @blackgirldating) ·

വിലക്കുറവ്, വിപണി കീഴടക്കി

തെച്ചി, മന്ദാരം, തുളസി  എന്നിവയുടെ ലഭ്യത കുറഞ്ഞതോടെയാണ് അരളിപ്പൂ കൂടുതൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തിയത്. ഇന്ന് തുളസിയും അരളിയും ചേർന്നുള്ള മാലകൾ കാണാൻ ഭംഗിയുള്ളതിനാൽ ഇവയുടെ ഡിമാൻഡും വർധിച്ചു. പിങ്ക്, ചുവപ്പ് നിറത്തിലുള്ള അരളി ഓണപ്പൂക്കളത്തിലെ പ്രധാന ഐറ്റമായി മാറുകയായിരുന്നു. ചുവന്ന റോസാപ്പൂവിന് വില കൂടുതലായതിനാൽ അതിനുപകരമായി ചുവന്ന അരളിയെ ഉപയോഗിക്കുന്നവരുണ്ട്.

ഔഷധമാണോ?

ഡൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രഫസർമാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ അരളിച്ചെടി ഹൃദയത്തിന്റെ സങ്കോച–വികാസ ശേഷി വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേര്, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകളാണ് ഒൗഷധമായി മാറുന്നതെന്ന് ഗവേഷകർ പറയുന്നു. എന്നാൽ  ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നും അരളിയുടെ ശരീരത്തിനകത്തെ ഉപയോഗിക്കുന്നതിനെക്കുറിച്ച്  വിവരിക്കുന്നില്ല.

English Summary:

Deadly Beauty: The Alarming Truth About India's Popular Oleander Flowers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com