കാലാവസ്ഥാ വ്യതിയാനം ജീവിതത്തെ ബാധിക്കുന്നോ? നിങ്ങളുടെ സംരക്ഷണം നിയമപരമായ അവകാശം
Mail This Article
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളിൽ നിന്നുള്ള സംരക്ഷണം ഒരു പൗരന്റെ നിയമപരമായ അവകാശമാണ്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ലോകത്തിലെ രണ്ടു പരമോന്നത കോടതികൾ അടുത്തിടെ പുറപ്പെടുവിച്ച സുപ്രധാനമായ വിധികളുടെ രത്നച്ചുരുക്കം ഇതായിരുന്നു. ഇന്ത്യയുടെ സുപ്രീകോടതിയും യൂറോപ്യൻ കോർട്ട് ഓഫ് ഹൂമൺ റൈറ്റ്സുമാണ് മനുഷ്യ, പാരിസ്ഥിതിക അവകാശങ്ങളിലെ നാഴികക്കല്ലുകളായ വിധികൾ രേഖപ്പെടുത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിൽ രൂപംകൊണ്ട ഇന്ത്യയുടെ ഭരണഘടന, ദ യു.എൻ. ചാർട്ടർ ആൻഡ് കവനന്റ്സ്, ദ യൂറോപ്യൻ കൺവൻഷൻ ഓഫ് ഹ്യൂമൺ റൈറ്റ്സ് എന്നിവയൊക്കെ പ്രധാനമായും പൗരൻമാരുടെ സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കാണ് പ്രമുഖ സ്ഥാനം നൽകിയിരുന്നത്. പാരിസ്ഥിതിക അവകാശങ്ങൾ നിലവിലുള്ള പൗരാവകാശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് കണക്കാക്കിയിരുന്നത്. ഉദാഹരണത്തിന് ഇന്ത്യയിൽ നിർമലവും ആരോഗ്യകരവുമായ പരിസ്ഥിതിയിൽ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ ഉൾപ്പെടുന്നതായി കണക്കാക്കപ്പെട്ടു പോന്നു. യൂറോപ്യൻ കൺവൻഷൻ ഓഫ് ഹ്യൂമൺ റൈറ്റ്സ് പ്രകാരം ഇത് സ്വകാര്യതയ്ക്കും കുടുംബ ജീവിതത്തിന്നുമുള്ള അവകാശത്തിന്റെ ഭാഗമായിട്ടാണ് കരുതിയിരുന്നത്. അതിനാൽ നല്ല പരിസ്ഥിതിയിൽ ജീവിക്കാനുള്ള അവകാശം പ്രത്യേകമായി ഉയർത്തിക്കാട്ടുന്ന ഈ വിധികൾ പാരിസ്ഥിത ചരിത്രത്തിൽ സുപ്രധാന സ്ഥാനം നേടുന്നു.
ഇന്ത്യയുടെ സുപ്രീംകോടതിയിൽ നടന്നത്
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് സൗരോർജം പോലുള്ള പുത്തൻ സ്രോതസുകളെ ആശ്രയിച്ച് ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജനം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. രാജ്യത്തിന്റെ സോളാർ പാർക്കുകളായ ഗുജറാത്തിലും രാജസ്ഥാനിലും ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി കൊണ്ടുപോകുന്ന വൈദ്യുതലൈനുകളിൽ തട്ടി വംശനാശഭീഷണി നേരിടുന്ന ദ ഗ്രേറ്റ് ഇൻഡ്യൻ ബസ്റ്റാർഡ് (The Great Indian Bustard) പക്ഷികൾ കുറേയധികം ചത്തുപോകുന്നുവെന്നും അത് അവയുടെ വംശനാശത്തിലേക്ക് വഴി തുറക്കുന്ന കാരണങ്ങളിലൊന്നായി അടുത്ത കാലത്ത് മാറിയിട്ടുണ്ടെന്നുമുള്ള പരാതിയാണ് പരിസ്ഥിതിപ്രവർത്തകർ സുപ്രീം കോടതിയുടെ മുൻപിലെത്തിച്ചത്. 2019-ൽ കോടതിയിൽ നൽകിയ പരാതി പ്രകാരം നിലവിലുള്ളതും ഭാവിയിൽ സ്ഥാപിക്കാനിരിക്കുന്നതുമായ മുഴുവൻ വൈദ്യുതി ലൈനുകളും ഭൂമിക്കടിയിലൂടെ ആക്കണമെന്നും എന്നാൽ മാത്രമേ ലൈനുകളിൽ തട്ടിയുള്ള പക്ഷികളുടെ ജീവനഷ്ടം തടയാൻ കഴിയുകയുള്ളൂ എന്നും അവർ വാദിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ ന്യൂ ആൻഡ് റിന്യൂബിൾ മന്ത്രാലയത്തിൻ്റെ (Ministry of New and Renewable Energy) പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വകാര്യ പൊതുമേഖല ഊർജ കമ്പനികൾ ഈ ആവശ്യത്ത ചിലവേറിയതും തികച്ചും അപ്രായോഗികമായും ചൂണ്ടിക്കാട്ടുകയും ചെയ്തു. മുഴുവൻ വൈദ്യുതലൈനുകളും ഭൂമിക്കടിയിലൂടെയാക്കാനുള്ള ചിലവ് സോളാർ വൈദ്യുതിയുടെ നിരക്ക് കുത്തനെ ഉയർത്തുകയും തൽഫലമായി ഇന്ത്യയുടെ ‘ഹരിത’ വളർച്ചയ്ക്ക് തുരങ്കം വയ്ക്കുകയും ചെയ്യുമെന്ന് കമ്പനികൾ വാദിച്ചു. 2021 ഏപ്രിൽ മാസത്തിൽ ഇക്കാര്യം പഠിക്കാനായി ഒരു വിദഗ്ദ സമിതിയെ സുപ്രീം കോടതി നിയമിക്കുകയും ചെയ്തു. ഏറ്റവും ഒടുവിലത്തെ വിധിയിൽ വൈദ്യുതവത്ക്കരണത്തിന്റെ മേൽനോട്ടത്തിനായി വിദഗ്ദസമിതിയുടെ സേവനം തുടരാൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷേ സർക്കാരും കമ്പനികളും വാദിച്ചതുപോലെ മുഴുവൻ വൈദ്യുതലൈനുകളും ഭൂമിക്കടിയിലൂടെ വലിക്കേണ്ടി വരുന്നത് ഇന്ത്യയുടെ സൗരവൈദ്യുതി സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന് കോടതിയും ദൃഢസ്വരത്തിൽ പറഞ്ഞിരിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സുപ്രധാനമായ നിലപാട് സുപ്രീം കോടതി കൈക്കൊണ്ടത് നിയമത്തിനു മുൻപിൽ തുല്യാവകാശവും ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം ഉറപ്പു നൽകുന്നതുപോലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷങ്ങളിൽ നിന്നുള്ള സംരക്ഷണവും മൗലികാവകാശമായി കണക്കാക്കേണ്ടതുണ്ട് എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, തുല്യത എന്നീ മൗലികാവകാശങ്ങൾ പൂർണമാകണമെങ്കിൽ കാലാവസ്ഥയിൽ നിന്നുള്ള പരിരക്ഷയും ഉറപ്പാക്കേണ്ടതുണ്ട് എന്ന് സുപ്രീം കോടതി നിരീക്ഷിക്കുന്നു. ശുദ്ധമായ പരിസ്ഥിതിയിൽ ജീവിക്കാനുള്ള അവകാശവും കാലാവസ്ഥാ മാറ്റത്തിൽ നിന്നുള്ള സംരക്ഷണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി കോടതി കണക്കാക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ വർഷം തോറും അധികരിച്ചു വരുന്നതിനാൽ പൗരൻമാർക്ക് കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കേണ്ടത് അവരുടെ മൗലിക അവകാശങ്ങളിൽ ഒന്നായി കണക്കാക്കേണ്ടി വരുമെന്ന് കോടതി വിധിയിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ദുർബലരായ ജനസമൂഹങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കോടതി ചൂണ്ടിക്കാട്ടി. തീരദേശ മണ്ണൊലിപ്പ്, ഭൂമിശോഷണം, കൊടുങ്കാറ്റും വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന കൃഷി നഷ്ടം, രോഗങ്ങൾ എന്നിവയൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാക്കിപത്രങ്ങളായി അവശവിഭാഗങ്ങളെ ബാധിക്കുമ്പോൾ ഭരണഘടനയുടെ 14, 21 ആർട്ടിക്കിളുകളാണ് നിഷേധിക്കപ്പെടുന്നതെന്ന് സുപ്രീം കോടതി അസന്നിഗ്ദമായി പറഞ്ഞു വച്ചിരിക്കുന്നു.
യൂറോപ്യൻ മനുഷ്യാവകാശ കോടതി പറഞ്ഞത്
സ്വിസ് സർക്കാരിന്റെ ദുർബലമായ കാലാവസ്ഥാനയം പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനത്തിന് കാരണമായെന്നും കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളണമെന്നുമാണ് 2024 ഏപ്രിൽ ഒൻപതിലെ വിധിന്യായത്തിൽ കോടതി പറഞ്ഞത്. അറുപത്തിനാലു വയസ്സിനു മുകളിൽ പ്രായമുള്ള 2000 സ്വിസ് വനിതകളാണ് പരാതി നൽകിയത്.