ADVERTISEMENT

ടെൽ അവീവ്∙ റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസിന്റെ തലവനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം ഇസ്രയേലിന് കൈമാറാമെന്ന് യുഎസ് ചാരസംഘടനയായ സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി). ഹമാസ് തലവൻ യഹ്യ സിൻവറിനെക്കുറിച്ചുള്ള വിവരം കൈമാറാമെന്ന വിവരം സിഐഎ തലവൻ വില്യം ബേൺസ് ഇസ്രയേലിനെ അറിയിച്ചു. ഹമാസുമായി ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തോടെ ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനാണ് സിൻവർ. ഖാൻ യൂനിസിലെയും റഫാ മേഖലയിലെയും പടർന്നുകിടക്കുന്ന തുരങ്കശൃംഖലയിൽ എവിടെയോ ആണ് സിൻവർ ഒളിവിൽ കഴിയുന്നത്.

മധ്യപൂർവേഷ്യയിലെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വില്യം ബേൺസ്. യഹിയ സിൻവറിനെക്കുറിച്ച് ഇസ്രയേലിന് ആവശ്യമായ വിവരങ്ങൾ കൈമാറുമെന്നാണ് ബേൺസ് അറിയിച്ചിരിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഏതുവിധേനെയും സിൻവറിനെ പിടികൂടുമെന്ന ഇസ്രയേലിന്റെ പ്രതിരോധമന്ത്രി യോവ് ഗല്ലാന്റ് കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞിരുന്നു.

ഇസ്രയേലിന്റെ ചാരസംഘടനകളുടെ മേധാവികളായ ഡേവിഡ് ബാർണിയ (മൊസ്സാദ്), റോണെൻ ബർ (ഷിൻ ബെത്) എന്നിവരുമായി ബേൺസ് ചർച്ച നടത്തുന്നുവെന്നാണ് വിവരം. 2023 നവംബർ അവസാന ആഴ്ചയിലെ ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിൽ ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ബേൺസ് ആണ്.

∙ ചോരവീഴുന്നത് ഒഴിവാക്കാൻ യുഎസിന്റെ കടുത്ത ശ്രമം

റഫയിലെ ജനവാസകേന്ദ്രങ്ങൾ ആക്രമിക്കാനായി ഇസ്രയേലിന് ആയുധം നൽകില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. ഗാസ യുദ്ധത്തിന്റെ ആരംഭം മുതൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന യുഎസ് പ്രസിഡന്റ് ഇതാദ്യമായാണ് പരസ്യമായി അതൃപ്തി അറിയിക്കുന്നത്. സ്വന്തം പാർട്ടിയിൽനിന്നുൾപ്പെടെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിലപാടുമാറ്റം. അതേസമയം, വ്യോമാക്രമണങ്ങൾക്കെതിരെ ഇസ്രയേലിന്റെ പ്രതിരോധ കവചത്തിനു വേണ്ട ആയുധസഹായം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാക്കിയുള്ള കയ്യൊഴിയലല്ല, മറിച്ച് ജനങ്ങളെ ആക്രമിക്കാനുള്ള നീക്കത്തിനു കൂട്ടുനിൽക്കാതെ പിൻമാറുകയാണു യുഎസ് ചെയ്യുന്നത്.

English Summary:

CIA Offers Hamas Leader Intel to Israel on Condition of Rafah Conflict End

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com