ADVERTISEMENT

ന്യൂഡൽഹി∙ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാണോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. മോദിയെ പോലുള്ള ഒരാളുമായി സംവാദം നടത്താൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ എന്നും അവർ ചോദിച്ചു. 

സ്വന്തം മണ്ഡലം എന്നുപറയപ്പെടുന്ന ഇടത്തുനിന്ന് ഒരു സാധാരണ ബിജെപി പ്രവർത്തകനോടു മത്സരിക്കാൻ ധൈര്യമില്ലാത്ത വ്യക്തിയാണു രാഹുലെന്നും പ്രധാനമന്ത്രിയെ പോലൊരു വ്യക്തിയുമായി സംവാദം നടത്താൻ മാത്രം രാഹുൽ ഗാന്ധി ആരാണ്, ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആണോ എന്നുമായിരുന്നു സ്മൃതിയുടെ ചോദ്യം. 

സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി.ലോകൂർ, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് ഇരുവരെയും സംവാദത്തിനു ക്ഷണിച്ചത്. ഇതു സംബന്ധിച്ചു നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും മൂവരും ചേർന്നു കത്തെഴുതിയിരുന്നു. ഈ മാസം 9ന് എഴുതിയ കത്തിനു മറുപടിയായി ഔദ്യോഗിക ലെറ്റർ പാഡില്‍ സമ്മതം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് എക്സ് പ്ലാറ്റ്‌ഫോമിലാണു രാഹുൽ പങ്കുവച്ചത്. താനോ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നു രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി സമ്മതം അറിയിച്ചാൽ മറ്റു വിവരങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

‘‘നിങ്ങളുടെ ക്ഷണത്തെക്കുറിച്ച് ഞാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച ചെയ്തു. അത്തരം ഒരു സംവാദം ആളുകൾക്ക് നമ്മുടെ നയം മനസ്സിലാക്കാൻ സഹായിക്കുമെന്നും തികഞ്ഞ ബോധ്യത്തോടെ തിരഞ്ഞെടുപ്പിൽ പങ്കുചേരാൻ അവരെ പ്രാപ്തരാക്കുമെന്നും ഞങ്ങൾ സമ്മതിക്കുന്നു. ഞങ്ങളുടെ നേതാക്കളിൽ ആരോപിക്കപ്പെടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവസാനിപ്പിക്കേണ്ടതും പ്രധാനമാണ്.

തിരഞ്ഞെടുപ്പിൽ പോരാടുന്ന പ്രധാന പാർട്ടികൾ എന്ന നിലയിൽ, അവരുടെ നേതാക്കളിൽനിന്നു നേരിട്ട് കേൾക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. അതനുസരിച്ച്, ഞാനോ കോൺഗ്രസ് അധ്യക്ഷനോ ഇത്തരമൊരു സംവാദത്തിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കാൻ സമ്മതിച്ചാൽ ചർച്ചയുടെ വിശദാംശങ്ങളും രൂപവും ചർച്ച ചെയ്യാം’’– രാഹുൽ ഗാന്ധി പറഞ്ഞു.

English Summary:

Smriti Irani questions Rahul Gandhi's eligibility for debate with PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com