അരളിപ്പൂവ്, പൂജാസമയം: മാറ്റങ്ങൾ കൂടിയാലോചനയില്ലാതെയെന്ന് തന്ത്രിസമാജം അധ്യക്ഷൻ
Mail This Article
കോട്ടയം ∙ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കുന്ന പൂവ് മുതൽ സമയക്രമത്തിൽ വരുത്തുന്ന മാറ്റം വരെ കൂടിയാലോചനകളില്ലാതെയാണ് ദേവസ്വം ബോർഡുകൾ നടപ്പാക്കുന്നതെന്ന് തന്ത്രി സമാജം സംസ്ഥാന അധ്യക്ഷൻ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട് പറഞ്ഞു. സാങ്കേതികത്വം പൂർണമായും അറിഞ്ഞവരോടു ചോദിക്കാതെ തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ പലതും അപക്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ സ്വീകരിച്ച നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും പൊതുയോഗങ്ങൾക്ക് വിളിക്കാറുണ്ടെങ്കിലും അതിൽ ഗൗരവകരമായ ചർച്ചകൾ ഉണ്ടാകാറില്ലെന്നും ഈശാനൻ നമ്പൂതിരിപ്പാട് പറയുന്നു.
‘‘അരളിപ്പൂവ് പ്രസാദത്തിനും നിവേദ്യം കൊടുക്കാനും ഒഴികെ എല്ലാത്തിനും ഉപയോഗിക്കാം എന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. നിവേദ്യം എന്നുപറയുന്നത് പൂജയുടെ ഒരു ചെറിയ ഘട്ടമാണ്. അതിൽ മാത്രം ഉപയോഗിക്കരുത് എന്ന് പറഞ്ഞാൽ ബാക്കി ഉള്ളിടത്ത് ഉപയോഗിക്കാം എന്ന സൂചനയാണ് വരുന്നത്. പൂജിച്ച പൂവാണ് പ്രസാദമായും തലയിൽ ചൂടാനും കൊടുക്കുന്നത്. അതുകൊണ്ട് ആ തീരുമാനത്തിൽ പിഴവുണ്ടെന്നു പറയേണ്ടി വരും. സാധാരണ ഗതിയിൽ പൂജയ്ക്കെടുക്കേണ്ട സാധനങ്ങളെ കുറിച്ചോ സമയക്രമങ്ങളെ കുറിച്ചോ ബന്ധപ്പെട്ട ക്ഷേത്രത്തിലെ തന്ത്രിമാരോടെങ്കിലും ചോദിച്ചാണ് തീരുമാനമെടുക്കാറുള്ളത്. തന്ത്രിസമാജത്തോടു ചോദിക്കുമ്പോൾ പൊതുവായ മറുപടി ലഭിക്കും. സാങ്കേതികത്വം വരുമ്പോൾ വൈദഗ്ധ്യം ഉള്ളവരോട് ചോദിച്ചിട്ടുവേണം തീരുമാനമെടുക്കാൻ.
പണ്ടുകാലങ്ങളിൽ പ്രധാനമായും ചെത്തി, തുളസി, താമര എന്നിവയാണ് ക്ഷേത്രങ്ങളിൽ പൂജയ്ക്ക് എടുത്തിരുന്നത്. നിലവിൽ ഇത്തരം പുഷ്പങ്ങൾക്ക് ക്ഷാമം നേരിടുന്നുണ്ട്. തമിഴ്നാട്ടിൽനിന്ന് വരുന്ന തുളസി തന്നെ പൂജയ്ക്ക് സ്വീകരിക്കണോ എന്ന് പരിശോധിക്കേണ്ട കാര്യമാണ്. അതുകൊണ്ട് ക്ഷാമം മറികടക്കാനായി, ദേവസ്വത്തിന്റെ കൈവശമുള്ള ക്ഷേത്രത്തോട് ചേർന്ന ഭൂമിയിൽ പൂക്കൃഷി ആരംഭിക്കാം. കുളങ്ങൾ വൃത്തിയാക്കി താമര വളർത്താം. നേരത്തേ മീൻ വളർത്താനാണ് ശ്രമിച്ചത്. അതിനുപകരം താമര വളർത്തണം. സ്വകാര്യ പൂക്കർഷകരെ ഏകോപിപ്പിക്കണം. കാലത്തിന് അനുസരിച്ച് പുജാപുഷ്പങ്ങളിലും മറ്റും മാറ്റങ്ങൾ വേണ്ടി വന്നേക്കാം. പക്ഷേ ഇത്തരം ഘട്ടങ്ങളിൽ ആലോചിച്ച് തീരുമാനമെടുത്തില്ലെങ്കിൽ അത് പലരെയും വിഷമത്തിലാക്കും.’’
ക്ഷേത്രത്തിലെ പൂജാദ്രവ്യങ്ങൾ വാങ്ങുന്നതിൽ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് പ്രധാനപ്പെട്ട മൂന്നു ദേവസ്വങ്ങൾക്കും തന്ത്രി സമാജം നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എണ്ണ, ചന്ദനത്തിരി, കർപ്പൂരം തുടങ്ങിയവയിലെല്ലാം മായമുണ്ട്. അതു സ്ഥിരമായി ശ്വസിക്കുന്നതു മൂലം ശ്വാസകോശരോഗങ്ങളുള്ള മേൽശാന്തിമാരുണ്ട്. അതുകൊണ്ടാണ് അത്തരം ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം എന്നു പറയുന്നത്. അതിന് പർച്ചേസ് ഡിപ്പാർട്ട്മെന്റ് രൂപീകരിക്കണം.
മറ്റൊന്ന്, പൂജാരിമാർക്ക് നൽകേണ്ട റിഫ്രഷിങ് കോഴ്സാണ്. ഒരു ക്ഷേത്രത്തിൽ ഏറെക്കാലം പൂജ നടത്തിയിട്ട് മറ്റൊരു ദേവന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലേക്കു സ്ഥലം മാറിപ്പോകുമ്പോൾ പൂജാവിധികൾ മാറിപ്പോവുക സ്വാഭാവികമാണ്. ഇത് ഒഴിവാക്കാൻ റിഫ്രഷിങ് കോഴ്സുകൾ നൽകണം. തന്ത്രിസമാജം രണ്ടുതവണ അത് നടത്തിയതാണ്. എന്നാൽ ദേവസ്വം ബോർഡ് പിന്നീട് അതിൽനിന്നു പിന്മാറി.
പൂജാസമയക്രമങ്ങളിൽ മാറ്റം വരുത്തിയപ്പോഴും തന്ത്രിമാരുമായി കൂടിയാലോചിക്കാതെയാണ് ദേവസ്വം തീരുമാനമെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം തീരുമാനമെടുക്കുമ്പോൾ ആചാരങ്ങൾക്കാണ് പ്രാധാന്യം. തിരുവാർപ്പ് ക്ഷേത്രത്തിൽ പൂജയേക്കാൾ പ്രധാനം സമയക്രമമാണ്. ആ ക്ഷേത്രത്തിന്റെ മുന്നിൽ ഒരു കോടാലി വച്ചിട്ടുണ്ട്. പന്തീരടി പൂജയ്ക്കു കൃത്യസമയത്ത് ക്ഷേത്രം തുറക്കാനായില്ലെങ്കിൽ വെട്ടിപ്പൊളിക്കാനാണ് പറയുന്നത്. വേറെന്ത് ചടങ്ങു വന്നാലും അവിടെ പന്തീരടി പൂജ മുടക്കാറില്ല. ഇത്തരത്തിൽ ഓരോ ക്ഷേത്രത്തിനും എന്തെങ്കിലും പ്രത്യേകതകളോ അനന്യമായ ചടങ്ങുകളോ കാണും. അതിൽ മാറ്റം വരുത്തേണ്ട ഘട്ടങ്ങളിൽ അവിടെയുള്ള അനുഭവ പരിജ്ഞാനമുള്ള ആളുകൾക്ക് മാർഗങ്ങൾ നിർദേശിക്കാൻ സാധിക്കുമെന്നും ഈശാനൻ നമ്പൂതിരിപ്പാട് പറഞ്ഞു. തങ്ങൾ ആരുമായും സഹകരിക്കാൻ തയാറാണെന്നും ഭരണക്കാരുരിൽ നിന്നാണ് അനുകൂല പ്രതികരണം ഇല്ലാത്തതെന്നും അദ്ദേഹം പറയുന്നു.
ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഏതൊക്കെ പൂക്കളുപയോഗിക്കാമെന്ന വിഷയത്തിൽ തന്ത്രിമാരുടെ അഭിപ്രായം തേടുവാൻ ദേവസ്വങ്ങൾ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തന്ത്രിസമാജം പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.