ADVERTISEMENT

കൊച്ചി ∙ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് മാതാവ് ഹൈക്കോടതിയിൽ. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിദ്ധാർഥന്റെ അമ്മ വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

നേരത്തെ, കേസിൽ സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രതികൾക്ക് ജാമ്യം നല്‍കരുത് എന്നുമാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടത്. സിദ്ധാർഥന്റെ മരണത്തിൽ അറസ്റ്റിലായ ഓരോ പ്രതികളുടെയും പങ്കും സിബിഐ കുറ്റപത്രത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്. അതിക്രൂരമായ ആക്രമണമാണ് തന്റെ മകൻ നേരിട്ടത് എന്ന് അമ്മ ഹർജിയിൽ പറയുന്നു. സിദ്ധാർഥന് വൈദ്യസഹായം നൽകാൻ പോലും പ്രതികൾ തയാറായില്ലെന്നും സിബിഐയുടെ അന്തിമ റിപ്പോർട്ടിൽ നിന്നും കേസിൽ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും അവർ പറയുന്നു. 

20 വിദ്യാർഥികളാണ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇതിൽ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു മാസമായി തങ്ങൾ ജയിലിലാണെന്നും പഠനം തടസ്സപ്പെട്ടെന്നും വസ്തുതകൾ പരിഗണിക്കാതെയാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത് തുടങ്ങിയവയാണ് വിദ്യാർഥികളുടെ വാദം. 

2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്. 

English Summary:

JS Siddharthan Death: Siddharthan's mother opposed bail application of accused in high court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com