ADVERTISEMENT

ന്യൂഡൽഹി∙ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വിജയമാണ് വോട്ടർമാരുടെ എണ്ണത്തിലെ വർധനവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 400ൽ അധികം ലോക്‌സഭാ സീറ്റുകൾ നേടണമെന്ന് ബിജെപി പറയുന്നത് ഭരണഘടന ഭേദഗതിക്ക് വേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണവും അദ്ദേഹം തള്ളി. കഴിഞ്ഞ ഒരു ദശാബ്ദമായി ഭരണഘടനയിൽ മാറ്റം വരുത്താൻ ബിജെപിക്ക് അധികാരമുണ്ടെങ്കിലും ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 400ൽ അധികം സീറ്റുകൾ നേടുകയെന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ‌ അമിത് ഷാ വ്യക്തമാക്കി.

‘‘കഴിഞ്ഞ 10 വർഷമായി ഭരണഘടന മാറ്റാനുള്ള ജനവിധി ഞങ്ങൾക്കുണ്ട്, പക്ഷേ ഞങ്ങൾ അത് ഒരിക്കലും ചെയ്തില്ല. രാഹുൽ ഗാന്ധിയും കൂട്ടരും എന്തും പറയും, രാജ്യം അത് വിശ്വസിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഈ രാജ്യം ഞങ്ങൾക്ക് വ്യക്തമായ ജനവിധി നൽകിയിട്ടുണ്ട്. ഭരണഘടന മാറ്റാൻ മോദിജിക്ക് മതിയായ ഭൂരിപക്ഷമുണ്ടെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് നേരത്തെ തന്നെ അറിയാം. പക്ഷേ ഞങ്ങൾ അത് ഒരിക്കലും ചെയ്തിട്ടില്ല’’– അമിത് ഷാ പറഞ്ഞു.

‘‘രാജ്യത്ത് രാഷ്ട്രീയത്തിൽ സ്ഥിരത കൊണ്ടുവരാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടണം. നമ്മുടെ അതിർത്തികൾ സംരക്ഷിക്കാനും ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാനും 400 സീറ്റുകൾ വേണം. 70 വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഭൂരിപക്ഷം ദുരുപയോഗം ചെയ്ത ചരിത്രം എന്റെ പാർട്ടിയുടേതല്ല. ഇന്ദിര ഗാന്ധിയുടെ കാലത്ത് ഭൂരിപക്ഷം ദുരുപയോഗം ചെയ്ത ചരിത്രം കോൺഗ്രസിനാണ്. അവർ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. 1.5 ലക്ഷം പേരെ ഒരു കാരണവുമില്ലാതെ 19 മാസം ജയിലിൽ അടച്ചു’’ – അമിത് ഷാ പറഞ്ഞു.

രാജ്യത്ത് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ ജനങ്ങൾ പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ട്. പ്രതിപക്ഷത്തിനു സ്ഥിരതയുള്ള ഒരു സർക്കാരിനെ സൃഷ്ടിക്കാൻ കഴിയില്ല. 30 വർഷം രാജ്യത്തെ യുവാക്കൾ അസ്ഥിരമായ സർക്കാരുകളുടെ വേദന അനുഭവിച്ചു. മോദിജിയുടെ സുസ്ഥിര സർക്കാർ രണ്ടു തവണ വന്നു. ഇപ്പോൾ മൂന്നാം തവണയും കൂടുതൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കും. അതിനാൽ രാജ്യത്തെ ജനങ്ങൾ മോദിജിയുടെ ഈ ലക്ഷ്യത്തിനൊപ്പമാണെന്നും അമിത് ഷാ പറഞ്ഞു.

English Summary:

"Had Mandate To Change Constitution In Last 10 Years, But...": Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com