ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ്: വിഴിഞ്ഞത്ത് 9.5 കി.മീ. ഭൂഗര്‍ഭ തീവണ്ടിപ്പാത വരുന്നു, ഡിപിആറിന് അംഗീകാരം
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം സുഗമമാക്കാനായി 9.5 കി.മീ. ഭൂഗര്‍ഭ തീവണ്ടിപ്പാത നിര്‍മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 കിലോമീറ്റര്‍ ദൂരം വരുന്ന തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡിപിആര്‍) ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിര്‍വഹണ സമിതി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി.
ഇതില്‍ 9.5 കി.മീ ആണ് ഭൂമിക്കടിയിലൂടെ നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് 1,400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല. ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുക. 42 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. നിര്‍മാണം കഴിയുന്നതോടെ വിഴിഞ്ഞത്തുനിന്ന് മണിക്കൂറില്‍ 15-30 കി.മീ. വേഗതയില്‍ 36 മിനിറ്റുകൊണ്ട് ബാലരാമപുരത്തേക്കു കണ്ടെയ്‌നറുകള്‍ എത്തിക്കാനാവും.
വിഴിഞ്ഞം തുറമുഖത്തിന്റെ 150 മീറ്റര്‍ അടുത്തുനിന്നു തന്നെ ഭൂഗര്‍ഭപാത ആരംഭിക്കും. ടേബിള്‍ ടോപ്പ് രീതിയിലാവും ഭൂഗര്‍ഭപാത ബാലരാമപുരത്തേക്ക് എത്തുക. ഇവിടെ നേമം-ബാലരാമപുരം റെയില്‍പാതയ്ക്കു സമാന്തരമായി സഞ്ചരിച്ച് ബാലരാമപുരത്ത് ചേരും. വിഴിഞ്ഞം - ബാലരാമപുരം റോഡിന്റെ അതേ അലൈന്‍മെന്റില്‍ ഭൂനിരപ്പില്‍നിന്ന് 30 മീറ്റര്‍ എങ്കിലും താഴ്ചയിലാവും പാത കടന്നുപോകുക. രാജ്യത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ റെയില്‍വേ ടണല്‍ ആയിരിക്കും വിഴിഞ്ഞത്തേത്. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്കിന്റെ ഭാഗമായ 12.75 കി.മി. ടണല്‍, 11.2 കി.മീ നീളമുള്ള പിര്‍ പഞ്ചാള്‍ ടണല്‍ എന്നിവയാണ് മറ്റ് രണ്ടെണ്ണം.
അദാനി ഗ്രൂപ്പുമായുള്ള കണ്‍സഷന്‍ കരാര്‍ പ്രകാരം റെയില്‍ കണക്ടിവിറ്റി ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ഇതുപ്രകാരം വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്ത ശേഷമാണു ബാലരാമപുരത്തേക്കുള്ള ഭൂഗര്‍ഭ റെയില്‍പാത എന്ന തീരുമാനത്തിലേക്കെത്തിയത്. ഭൂമി ഏറ്റെടുക്കല്‍ ഏറ്റവും കുറയ്ക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണ നിലയില്‍ നിര്‍മിക്കുകയാണെങ്കില്‍ 65 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥാനത്ത് ഭൂഗര്‍ഭ റെയില്‍ പദ്ധതിക്കായി 5.5 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്താല്‍ മതിയാകുമെന്നു വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കുന്നു. പദ്ധതിക്ക് ദക്ഷിണ റെയില്‍വേ അംഗീകാരം നല്‍കിയിട്ടുണ്ട്.
പദ്ധതിക്കായി ഫണ്ട് കണ്ടെത്തുകയെന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. റെയില്‍, റോഡ് കണക്ടിവിറ്റിക്കായി പരമാവധി കേന്ദ്രഫണ്ട് ലഭ്യമാക്കാനാണു ശ്രമിക്കുന്നത്. സാഗര്‍മാല പദ്ധതിയിലെ പോര്‍ട്ട് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രഫണ്ട് ലഭ്യമാകുമെന്നാണു സംസ്ഥാനത്തിന്റെ പ്രതീക്ഷ. വിഴിഞ്ഞത്തുനിന്നുള്ള ചരക്കുനീക്കം റെയില്‍വേയ്ക്ക് ഏറെ വരുമാനം ഉണ്ടാക്കുന്നതാണെന്നും ആ സാഹചര്യത്തില്‍ കേന്ദ്രഫണ്ടിങ് ലഭ്യമാക്കണമെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. വിഴിഞ്ഞത്തുനിന്ന് ചെന്നൈ, മംഗലാപുരം തുടങ്ങിയ മേഖലകളിലെ ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ടെര്‍മിനലുകളിലേക്കാവും കൂടുതല്‍ ചരക്കുനീക്കം നടക്കുന്നത്.