കേരള കോണ്‍ഗ്രസ് പോയതോടെ യുഡിഎഫ് തകർന്നു: വീക്ഷണത്തിന് മറുപടിയുമായി കേരള കോൺഗ്രസ് (എം) മുഖപത്രം
Mail This Article
കോട്ടയം∙ യുഡിഎഫിലേക്ക് ക്ഷണിച്ച കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ ലേഖനത്തിനു മറുപടിയുമായി കേരള കോൺഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ. കെ.എം.മാണിയുടെ നിര്യാണത്തോടെ കേരള കോൺഗ്രസ് ഇല്ലാതാകുമെന്നു മനക്കോട്ട കെട്ടിയവർക്കെല്ലാം തിരിച്ചടികൾ നൽകി കൊണ്ടാണ് അവഗണിക്കാനാകാത്ത ശക്തിയായി കേരള കോൺഗ്രസ്(എം) നിലനിൽക്കുന്നതെന്നും, കേരള കോൺഗ്രസ് എമ്മിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വീക്ഷണം നടത്തുന്നതെന്നും ലേഖനത്തിൽ പറയുന്നു.
കോൺഗ്രസ് മുഖപത്രത്തിലെ ലേഖനത്തിൽ കെ.എം.മാണിയെക്കുറിച്ച് പറയുന്ന കാര്യങ്ങൾ കേരള സമൂഹം അവജ്ഞയോടെയേ കാണൂ. തന്നോട് യുഡിഎഫ് കാണിച്ച നെറികേട് കെ.എം.മാണി ആത്മകഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസിനെ യുഡിഎഫിൽനിന്ന് പുറത്താക്കിയത് കേവലമൊരു തദ്ദേശഭരണസ്ഥാപനത്തിലെ പദവിയുടെ പേരിലാണ്. കെ.എം.മാണിയുെട കാലം കഴിഞ്ഞാൽ ആ പാർട്ടി ഉണ്ടാകില്ല എന്ന കണക്കുകൂട്ടലും അതിനു പിന്നിലുണ്ടായിരുന്നു. കേരള കോൺഗ്രസ് പോയതോടെ യുഡിഎഫ് തകർന്നു. രണ്ടാം പിണറായി സർക്കാരിന്റെ മുന്നേറ്റത്തിൽ നിർണായക ശക്തിയാകാൻ പാർട്ടിക്ക് കഴിഞ്ഞതായും കേരള കോൺഗ്രസ് (എം) മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു.
സിപിഎമ്മിന്റെ അരക്കലത്തില്‍ കിടന്ന് വെന്തുരുകാതെ യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് ജോസ് കെ.മാണിക്ക് നല്ലതെന്നാണ് കോണ്‍ഗ്രസ് മുഖപത്രത്തിൽ പറഞ്ഞിരുന്നത്. ജോസ് കെ.മാണിയെ ലേഖനത്തിൽ രൂക്ഷമായി വിമർശിച്ചിരുന്നു. ജോസ് കെ.മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മറുപടി.