ADVERTISEMENT

കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. പൊലീസ് വീണ്ടും നോട്ടിസ് നൽകും.

രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ തന്നെ രാഹുൽ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്നും, ഉഷാകുമാരിയും സുഹൃത്തായ രാജേഷും കൂടെയുണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

രാഹുൽ ജർമനിയിലേക്കു കടന്നതായി വധുവിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും അവിടെ എത്തിയതു സംബന്ധിച്ച് ഇന്റർപോളിൽ നിന്നു പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേ സമയം, രാഹുലിനു ജർമൻ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നു പൊലീസ് സ്ഥിരീകരിച്ചു. രാഹുലിനു നിലവിൽ ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്നു കണ്ടെത്തി.

രാഹുൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. 12ന് കേസെടുത്തശേഷം രാഹുലിനെ വിട്ടയച്ചപ്പോഴാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. നടപടിയുണ്ടാകാതിരുന്നതോടെ രാഹുൽ 14ന് ഒളിവിൽപോയി. ബെംഗളൂർവഴി വിദേശത്തേക്ക് പോയതായാണ് പൊലീസ് പറയുന്നത്. താൻ രാജ്യം വിട്ടതായി വിഡിയോ സന്ദേശത്തിലൂടെ രാഹുൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

English Summary:

Pantheerankavu Domestic Violence: Rahul's Mother and Sister Will be Charged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com