‘ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിലെ ദൃശ്യം നീക്കി’: ബിഭവിനെതിരായ തെളിവ് ശക്തമെന്ന് കോടതി
Mail This Article
ന്യൂഡൽഹി ∙ രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ കോടതി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത് ശക്തമായ തെളിവുകൾ ചൂണ്ടിക്കാട്ടി. ബിഭവ് കുമാറിന്റെ ഫോൺ ഫോർമാറ്റ് ചെയ്തതും അന്വേഷണ സംഘത്തിനു കൈമാറിയ പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതും ശക്തമായ തെളിവുകളാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് ബിഭവ് കുമാറിനെതിരായ ആദ്യ ക്രിമിനൽ കേസ് അല്ല എന്നും റിമാൻഡ് അപേക്ഷ പരിഗണിക്കവേ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഗൗരവ് ഗോയൽ ചൂണ്ടിക്കാട്ടി.
പെൻഡ്രൈവിൽ നൽകിയ ദൃശ്യങ്ങളിൽ, പരാതിക്ക് ആധാരമായ സംഭവ സമയത്തെ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ഇരു കക്ഷികളും സമർപ്പിച്ച രേഖകളും തെളിവുകളും പരിഗണിക്കുമ്പോൾ, പൊലീസ് കസ്റ്റഡി അനിവാര്യമാണ് എന്ന് വിലയിരുത്തിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. റിമാൻഡ് കാലയളവിൽ ദിവസവും വൈകിട്ട് ആറിനും ഏഴിനും ഇടയിൽ അര മണിക്കൂർ വീതം അഭിഭാഷകരെ കാണാൻ ബിഭവ് കുമാറിന് കോടതി അനുമതി നൽകി. ദിവസവും ഭാര്യയെ കാണാനും അനുമതിയുണ്ട്.
മുഖ്യമന്ത്രിയുടെ വസതിയിൽനിന്നാണ് ബിഭവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ ബിജെപി ആസ്ഥാനത്തേക്ക് എഎപിയുടെ നേതൃത്വത്തിൽ ‘ജയിലിൽ അടയ്ക്കൂ’ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ കേജ്‌രിവാളിനെ കാണാൻ വസതിയിലെത്തിയപ്പോൾ ബിഭവ് കുമാർ കയ്യേറ്റം ചെയ്തുവെന്നാണു സ്വാതിയുടെ പരാതി.