കിർഗിസ്ഥാനിൽ ഇന്ത്യ, പാക്ക് വിദ്യാർഥികൾക്കു നേരെ ആക്രമണം; ആശങ്കയിൽ 15,000 പേർ
Mail This Article
ന്യൂഡൽഹി ∙ കുറച്ചുദിവസങ്ങളായി കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കേക്കിൽ ഇന്ത്യ, ബംഗ്ലദേശ്, പാക്കിസ്ഥാൻ വിദ്യാർഥികൾക്കെതിരെ വൻ പ്രതിഷേധം നടക്കുകയാണ്. മൂന്നു പാക്കിസ്ഥാനി വിദ്യാർഥികൾ കൊല്ലപ്പെട്ടെന്നാണ് വിവരം. കിർഗിസ്ഥാനിൽ താമസിക്കുന്ന പൗരന്മാർക്ക് ഇന്ത്യയും പാക്കിസ്ഥാനും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതിനിടെ, കിർഗിസ്ഥാനിൽനിന്നു ലഹോറിലെ അല്ലാമ ഇഖ്ബാൽ രാജ്യാന്തര വിമാനത്താവളത്തിൽ 180 പാക്ക് വിദ്യാർഥികളുമായി വിമാനം പറന്നിറങ്ങിയെന്ന റിപ്പോർട്ടും പുറത്തുവന്നു.
പാക്കിസ്ഥാൻ, ഈജിപ്ത് രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളും തദ്ദേശീയരും തമ്മിലുണ്ടായ തർക്കം കൈവിട്ടു പോകുകയായിരുന്നുവെന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേയ് 13നുണ്ടായ കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈജിപ്തിൽനിന്നുള്ള വിദ്യാർഥിനികളുടെ നേർക്കുണ്ടായ അതിക്രമമാണ് കാരണമെന്നു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കിർഗിസ്ഥാനിലെ വിദ്യാർഥികളും ഈജിപ്ഷ്യൻ വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണു വലിയ സംഘർഷമായത്. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്കിലെ തെരുവുകളിലേക്കു വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആക്രമണം വ്യാപിക്കുകയായിരുന്നു. നിലവിൽ ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഹോസ്റ്റലുകളാണ് അക്രമികൾ തിരഞ്ഞെടുക്കുന്നതെന്നാണു റിപ്പോർട്ട്.
∙ എംബിബിഎസിന് 22 ലക്ഷം
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പേരിൽ ഇന്ത്യയിൽനിന്നുൾപ്പെടെ ഒട്ടേറെ വിദ്യാർഥികൾ കിർഗിസ്ഥാനിലുണ്ട്. നിലവിൽ കിർഗിസ്ഥാനിൽ 15,000ൽപരം ഇന്ത്യൻ വിദ്യാർഥികളാണ് പഠിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ക്ലിനിക്കൽ പരിശീലനമുൾപ്പെടെ 5-6 വർഷം കൊണ്ടുനേടിയെടുക്കാവുന്ന എംബിബിഎസ് ബിരുദത്തിന് 22 ലക്ഷം രൂപയാണു ചെലവു വരിക. ഇതാണ് റഷ്യ, യുക്രെയ്ൻ, കിർഗിസ്ഥാൻ രാജ്യങ്ങളിലേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വിദ്യാർഥികളെത്താൻ കാരണം.