രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ; വിശദ പരിശോധനയ്ക്ക് ഫൊറൻസിക് സംഘം
Mail This Article
കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും.
അതേസമയം, രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശരത് ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. രാഹുലിന് രക്ഷപ്പെടാനുള്ള നിർദേശങ്ങൾ നൽകിയത് ശരത് ലാലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവ ദിവസം സിപിഒ ശരത് ലാല്‍ പന്തീരാങ്കാവ് സ്റ്റേഷനിലെ ജിഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമക്കുറ്റം ചുമത്താനുളള നീക്കമടക്കം ഇയാൾ രാഹുലിനെ അറിയിച്ചു. ഗാര്‍ഹിക പീഡന പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങളും ശരത് ലാല്‍ ചോര്‍ത്തി നല്‍കി. പൊലീസിന്റെ കണ്ണിൽപ്പെടാതെ ചെക്ക് പോസ്റ്റ് കടക്കണമെന്നും ഇയാൾ നിർദേശിച്ചു.
കഴിഞ്ഞദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. ഇയാളുടെ ഫോൺ പരിശോധിക്കുകയാണ്. രാഹുലും രാജേഷും ബെംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.