പ്രവർത്തകരുടെ ആവേശം അതിരുവിട്ടു; പ്രസംഗം ഒഴിവാക്കി വേദിവിട്ട് രാഹുലും അഖിലേഷും– വിഡിയോ
Mail This Article
പ്രയാഗ്രാജ് (ഉത്തർപ്രദേശ്)∙ ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ഇന്ത്യാ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവം. ആളുകൾ വേദിക്കു സമീപത്തേക്ക് കൂട്ടത്തോടെ ഒഴുകിയെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയും ചെയ്തതോടെയാണ് ഇരു നേതാക്കളും പ്രസംഗിക്കാൻ പോലും നിൽക്കാതെ വേദി വിട്ടത്.
ഉത്തർപ്രദേശിലെ ഫുൽപുർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാടിലയിലാണ് സംഭവം. പ്രചാരണത്തിനായി എത്തിയ ഇരു നേതാക്കളെയും കാണാൻ വലിയ ആൾക്കൂട്ടമാണ് എത്തിയത്. രാഹുലും അഖിലേഷും എത്തിയതോടെ വേദിക്ക് സമീപത്തേക്ക് കോൺഗ്രസ്, എസ്പി പ്രവർത്തകർ കൂട്ടത്തോടെ എത്തുകയായിരുന്നു. ആൾക്കൂട്ടം ഇരമ്പിയെത്തിയതോടെ വേദിക്കു മുന്നിൽ വലിയ തിക്കും തിരക്കും രൂപപ്പെട്ടു. പ്രവർത്തകരോട് ശാന്തരാകാനും പിന്നിലേക്കു മാറാനും ഇരു നേതാക്കളും പലകുറി അഭ്യർഥിച്ചെങ്കിലും എല്ലാം വിഫലമായി.
തിക്കും തിരക്കും വർധിച്ചതോടെ പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും സ്ഥിതി നിയന്ത്രിക്കാനാകാത്ത അവസ്ഥയായി. ഇതോടെ രാഹുലും അഖിലേഷും വേദിയിൽവച്ച് പരസ്പരം കൂടിയാലോചിച്ച് വലിയ അപകടത്തിലേക്കു പോകാതിരിക്കാൻ വേദി വിടുകയായിരുന്നു. ഇരുവരും പിന്നീട് പ്രയാഗ്‌രാജ് ജില്ലയിലെ തന്നെ അലഹാബാദ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കരച്ചനയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തു.
അവിടെയും പ്രവർത്തകരുടെ ആവേശം പലപ്പോലും അതിരുവിട്ടെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ കൈവിട്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചു. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയും ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ അഞ്ചാം ഘട്ട വോട്ടെടുപ്പു നടക്കുന്ന തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തും.