ഒരിക്കൽ നിർഭയയ്ക്കുവേണ്ടി അവർ പോരാടി, സിസോദിയ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ മാറിയേനെ: സ്വാതി
Mail This Article
ന്യൂഡൽഹി∙ തന്റെ സഹപ്രവർത്തകർ ഒരിക്കൽ നിർഭയയുടെ നീതിക്കുവേണ്ടി പോരാടിയിരുന്നുവെന്ന് എഎപി രാജ്യസഭാംഗം സ്വാതി മലിവാൾ. ഇന്ന് അവർ തന്നെ അപമാനിച്ചയാളെ പിന്തുണയ്ക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മനീഷ് സിസോദിയ ഉണ്ടായിരുന്നുവെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമായിരുന്നില്ലെന്നും സ്വാതി പറഞ്ഞു. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽത്തുടരുകയാണ് സിസോദിയ.
സ്വാതിയെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ മുഖ്യമന്ത്രിയുടെ വസതിയിൽനിന്ന് ഡൽഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കേസ് ഇങ്ങനെ: തിങ്കളാഴ്ച രാവിലെ കേജ്‌രിവാളിനെ കാണാൻ വസതിയിലെത്തിയപ്പോൾ ബിഭവ് കുമാർ കയ്യേറ്റം ചെയ്തുവെന്നാണു സ്വാതിയുടെ പരാതി. സ്വാതി പൊലീസ് കൺട്രോൾ റൂമിൽ പരാതിപ്പെടുകയും സ്റ്റേഷനിൽ എത്തുകയും ചെയ്തെങ്കിലും ആദ്യ ദിവസം പരാതി എഴുതി നൽകിയില്ല. വ്യാഴാഴ്ചയാണു സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്. കയ്യേറ്റം നടന്നതായി ആദ്യം സമ്മതിച്ച എഎപി കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ സ്വാതിക്കെതിരെ തിരിയുകയും അവർ ബിജെപിയുടെ ഏജന്റാണെന്ന് ആരോപിക്കുകയും ചെയ്തു.