ADVERTISEMENT

തിരുവനന്തപുരം∙ മഴയായതിനാൽ ഫാനിടാതെയാണ് ഗീത കിടന്നുറങ്ങിയത്. സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിട്ടുണ്ടാകും, പുറത്ത് ആരോ നടക്കുന്ന ശബ്ദം. വീടിനു പിന്നിലെ അടുക്കള ഭാഗത്തുനിന്നാണ് ശബദം കേൾക്കുന്നത്. ഭയപ്പെട്ട് ശബ്ദം അടക്കിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. നിലവിളി പുറത്തേക്കു വന്നതോടെ കേട്ടത് ബൈക്ക് സ്റ്റാർട്ടാകുന്ന ശബ്ദം. അയൽവാസിയായ മുരളിയുടെ വീടിന്റെ അടുക്കള ഭാഗത്തുനിന്ന് രണ്ടു ദിവസം മുൻപ് പുലർച്ചെ രണ്ടരയ്ക്ക് കേട്ടതും ഇതേ ശബ്ദം. നാലഞ്ച് ദിവസമായി പതിവായി ഈ ശബ്ദം കേട്ട് ഉറക്കമില്ലാതെ കഴിയുകയാണ് വീണയും ഭർത്താവും.

ഈ വീടുകൾക്ക് ചുറ്റും വിശാലമായ പറമ്പാണ്. ആരാണ് രാത്രികളിൽ വീടുകളുടെ അടുക്കള ഭാഗത്ത് അലഞ്ഞുതിരിയുന്ന അജ്ഞാതൻ? പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിട്ടും എത്തുംപിടിയുമില്ല. തലസ്ഥാന നഗരത്തിന്റെ അതിർത്തി പ്രദേശമായ കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന കുടപ്പനക്കുന്നിൽ ഉറക്കമില്ലാതെ കഴിയുകയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ.

∙ പിന്നിൽ ഒളിവിലെ കൊലയാളി?

ഒരാഴ്ച മുൻപ് കാട്ടാക്കടയിൽ കൊല്ലപ്പെട്ട മായാ മുരളിയുടെ ഭർത്താവ് കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിലേക്കാണ് ഇപ്പോൾ സംശയത്തിന്റെ മുന നീളുന്നത്. സംഭവം നടന്നശേഷം ഇയാൾ ഒളിവിലാണ്. കലക്ട്രേറ്റിനു സമീപമുള്ള കെപ്കോയുടെ കോഴിഫാമിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നുവെന്നാണ് കരുതപ്പെടുന്നത്. രാത്രി എല്ലാവരും ഉറങ്ങുമ്പോൾ ഇയാൾ വീടിന്റെ അടുക്കള ഭാഗങ്ങളിൽ ആഹാരം തപ്പി ഇറങ്ങുന്നതാണോയെന്നാണ് പലരുടെയും സംശയം. മായയുടെ കൊലപാതകത്തിനു ശേഷം കുടപ്പനക്കുന്ന് ജംക്‌ഷനിലും സമീപ പ്രദേശങ്ങളിലും ഹോട്ടലിലും കടളിലുമെത്തി ആഹാരം കഴിച്ചിരുന്ന ഇയാൾ പണം കൊടുക്കാതെ മുങ്ങിയിരുന്നു. പരിചയമുള്ള ചിലർ രഞ്ജിത്തിനെ കണ്ട് വിളിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു.

170 സെന്റീമീറ്റർ ഉയരവും ഒത്ത ശരീരവുമുള്ള രഞ്ജിത്തിനെ തിരഞ്ഞു മടുത്ത പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇരുപത്തിയഞ്ചോളം പൊലീസ് ഉദ്യോഗസ്ഥരെയും ഷാഡോ പൊലീസ് അംഗങ്ങളെയും ഉൾപ്പെടുത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ പിടികൂടാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ഡോഗ് സ്ക്വാഡിന്റെയും ഡ്രോണിന്റെയും സഹായത്തോടെയായിരുന്നു തിരച്ചിൽ. പ്രതിയെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കയറിയിറങ്ങിയാണ് പൊലീസ് അന്വേഷണം നടത്തിയത്. ചുമട്ടുതൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, വഴിയരികിൽ തട്ടുകട നടത്തുന്നവർ എന്നിവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ രഞ്ജിത്തിന്റെ ചിത്രം പരമാവധി പ്രചരിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.

∙ മായയുടെ മരണവും ദുരൂഹതകളും

പേരൂർക്കട സ്വദേശി മായ മുരളിയെ ഇവർ താമസിക്കുന്ന വാടക വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മായയുടെ രണ്ടാം ഭർത്താവ് രഞ്ജിത്തിനെ സംഭവ ദിവസം മുതൽ കാണാതായത് ദുരൂഹത വർധിപ്പിച്ചു. എട്ടു വർഷം മുൻപ് മായ മുരളിയുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചിരുന്നു. ശേഷം ഒരു വർഷം മുൻപാണ് കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തുമായി ഒരുമിച്ചു താമസം തുടങ്ങിയത്. കാട്ടാക്കട മുതിയവിളയില്‍ വാടക വീട്ടിലായിരുന്നു ഇരുവരുടേയും താമസം. ഇതിനിടെയാണ് മരണം. കണ്ണിലും നെഞ്ചിലും പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം.  

മായയും രഞ്ജിത്തും തമ്മില്‍ വീട്ടിൽ നിരന്തരം വഴക്കും ബഹളവും കേട്ടിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അജ്ഞാതനായ ഒരാൾ ഇടയ്ക്കിടെ ഈ വീട്ടിൽ വന്നുപോയതായും ചിലർ മൊഴി നൽകിയിട്ടുണ്ട്. മായയുടെ മൂത്ത മകൾ ഓട്ടിസം ബാധിതയാണ്. ഈ കുട്ടിയെ ചികിത്സയ്ക്കായി മായയുടെ ബന്ധുക്കൾ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ചികിത്സയിലുള്ള കുട്ടിയെ കാണാൻ അവിടെയെത്തിയ മായയെ ഇളയ മകളുടെ സാന്നിധ്യത്തിൽ രഞ്ജിത്ത് മർദിച്ചിരുന്നു. ഇതിൽ പേരൂർക്കട പൊലീസിൽ പരാതിയും നൽകി.

എന്നാൽ, രഞ്ജിത്ത് മർദിച്ചില്ലെന്ന മായയുടെ മൊഴിയിൽ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ കുട്ടിയുമായി വീണ്ടും ചികിത്സയ്ക്ക് പോയിരുന്നു. അവിടെയെത്താമെന്ന് മായ പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.

English Summary:

Fear Grips Thiruvananthapuram as Unexplained Noises Haunt Residents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com