‘ഈ വധശിക്ഷ സമൂഹം അംഗീകരിക്കും; നിർഭയയ്ക്ക് സമാനം, മനുഷ്യാന്തസ്സിനെ ചവിട്ടിമെതിക്കുന്ന ക്രൂരത’
Mail This Article
കൊച്ചി ∙ പ്രതി അമീറുൽ ഇസ്‍ലാമിനെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണക്കോടതിയുടെ കണ്ടെത്തലുകൾ പൂർണമായി ശരിവച്ചാണ് പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകം സംബന്ധിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇത്തരത്തിലുള്ള ക്രൂരമായ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത് തടയാൻ ഈ വധശിക്ഷ സഹായകകരമായേക്കുമെന്ന പ്രതീക്ഷയും 112 പേജ് വരുന്ന വിധിന്യായത്തിൽ ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, എസ്.മനു എന്നിവരുടെ ബെഞ്ച് പ്രകടിപ്പിക്കുന്നു.
അങ്ങേയറ്റം അസ്വസ്ഥയുണ്ടാക്കുന്നതും മനുഷ്യാന്തസ്സിനെയും ജീവനെയും എല്ലാ വിധത്തിലും ചവിട്ടിമെതിക്കുന്നതുമാണ് നിയമവിദ്യാർഥിയുടെ പീഡനനവും കൊലപാതകവുമെന്ന് പറഞ്ഞാണ് അമീറുലിന്റെ വധശിക്ഷ ശരിവച്ച വിധിന്യായം ആരംഭിക്കുന്നത്. ഇത് സമൂഹത്തിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതം വളരെ വലുതാണ്, അത് ഭയം ജനിപ്പിക്കുക മാത്രമല്ല, ആരും എപ്പോൾ വേണമെങ്കിലും ആക്രമണത്തിന് ഇരയാകാം എന്നൊരു ആശങ്കയും സൃഷ്ടിച്ചു, പ്രത്യേകിച്ച് സ്ത്രീകളിൽ എന്ന് വിധിന്യായത്തിൽ പറയുന്നു. പൊതുജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുത്താനും ഇതിടയാക്കി എന്ന് കോടതി പറയുന്നു.
2016 ഏപ്രിൽ 28നാണു പെരുമ്പാവൂർ കുറുപ്പംപടിയിൽ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ നിയമവിദ്യാർഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊലപ്പെട്ടത്. സ്വകാര്യഭാഗങ്ങൾ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ആന്തരാവയവങ്ങൾ അടക്കം പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം. പിന്നീടാണ് തൊട്ടടുത്ത് താമസിച്ചിരുന്ന അസം സ്വദേശി അമീറുൽ അറസ്റ്റിലാകുന്നത്. വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അമീറുൽ ചെയ്ത കുറ്റകൃത്യം അതിഭീകരവും അത്യപൂർവവുമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ദൃക്സാക്ഷി മൊഴികളെക്കാൾ ശക്തവും വിശ്വസനീയവുമായ ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷൻ നിരത്തിയതെന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം വധശിക്ഷ ശരിവയ്ക്കുന്ന ഹൈക്കോടതി വിധിയിലും എടുത്തു പറയുന്നുണ്ട്.
നിർണായകമായി ശാസ്ത്രീയ തെളിവുകൾ
എല്ലാ വിധത്തിലുമുള്ള സാഹചര്യ തെളിവുകൾ പ്രതിക്ക് എതിരാണെന്നും ഇത് വ്യക്തമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടുണ്ടെന്നും കോടതി വിധിന്യായത്തിൽ പറയുന്നു. കുറ്റകൃത്യം നടന്നിടത്തുനിന്നു പ്രതിയുടെ ഡിഎൻഎ ലഭിച്ചതാണ് പ്രധാന തെളിവായി മാറിയത്. നിയമവിദ്യാർഥിനി മരിച്ചു കിടന്ന വീടിന്റെ പിറകുവശത്തുള്ള വാതിലിൽ പുരണ്ട രക്തത്തിലെ ഡിഎൻഎ അമീറുലിന്റേതുമായി ചേര്‍ന്നു. പെൺകുട്ടിയുടെ നഖത്തിനടിയിൽ നിന്നും പ്രതിയുടെ ഡിഎൻഎ കണ്ടെത്തി.
പെൺകുട്ടി ധരിച്ചിരുന്ന ചുരിദാർ ടോപ്പിലും പ്രതിയുടെ ഡിഎൻഎ പിന്നീട് കണ്ടെത്തിയിരുന്നു. ചുരിദാർ ടോപ്പിന്റെ പിൻവശത്തായി ഇടതുഭാഗത്തെ ഷോൾഡറിന്റെ ഭാഗത്തു നിന്ന് വേർതിരിച്ചെടുത്ത ഉമിനീരിൽനിന്നും പ്രതിയുടെ ഡിഎൻഎ കണ്ടെടുത്തു. ചുരിദാറിന്റെ രണ്ട് സ്ലീവിലെ രക്തസാംപിളിലും പ്രതിയുടെ ഡിഎൻഎ ഉണ്ടായിരുന്നു. കൊലപാതകത്തിനു ശേഷം പ്രതി കനാലിലേക്ക് ഇറങ്ങിയ ഭാഗത്ത് രണ്ട് ചെരുപ്പുകൾ കണ്ടെത്തി. ഇതിലെ രക്തസാംപിളിൽ പ്രതിയുടെ ഡിഎൻഎ കണ്ടു. മരിച്ച പെൺകുട്ടിയുടെ വീടിന്റെ വടക്കുഭാഗത്ത് കാടുപിടിച്ച പറമ്പ് പുല്ലുവെട്ടി പരിശോധിച്ചപ്പോൾ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി, ഇതിൽ മരിച്ചയാളുടെ ഡിഎൻഎ ഉണ്ടായിരുന്നു എന്ന വിചാരണ കോടതി വിധിയിലെ ഭാഗങ്ങള്‍ ഹൈക്കോടതി ശരിവയ്ക്കുന്നു.
വലതു കൈവിരലിലെ മുറിവ്, വായ പൊത്തി പിടിച്ചപ്പോൾ പെൺകുട്ടി കടിച്ചതുകൊണ്ടുണ്ടായതാണെന്ന് പരിശോധനാ സമയത്ത് പ്രതി ഡോക്ടറോട് പറഞ്ഞത്. എന്നാൽ പിന്നീട് ഇത് മാറ്റിപ്പറയുകയും തന്റെ തൊഴിലുടമയുമായി വഴക്കുണ്ടായപ്പോൾ കത്തി കൊണ്ട് മുറിഞ്ഞതാണെന്നുമാണ് പറഞ്ഞത്. എന്നാൽ ഇത് കളവാണെന്ന് കണ്ടെത്തി. കൊലപാതകത്തിനു ശേഷം പ്രതി വട്ടമരത്തിൽ പിടിച്ച് കനാലിലേക്ക് ഇറങ്ങുന്നതു കണ്ട അയൽവാസിയുടെ മൊഴിയും നിർണായകമായി.
ഈ സാക്ഷി പിന്നീട് അമീറുലിനെ തിരിച്ചറിയൽ പരേഡിൽ തിരിച്ചറിഞ്ഞിരുന്നു. താനല്ല കൊലപാതകം നടത്തിയതെന്നും അനാറുൾ ഇസ്‍ലാം, ഹർദത്ത് ബറുവ എന്നിവരാണ് യഥാർഥ പ്രതികൾ എന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ ഇത് തെളിയിക്കാനോ സാധൂകരിക്കാനോ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഇങ്ങനെ രണ്ടുപേർ പ്രതി പറയുന്ന വിധത്തിൽ ഉണ്ടായിരുന്നില്ല എന്ന കണ്ടെത്തലും കോടതി അംഗീകരിച്ചു.
സാഹചര്യത്തെളിവുകളും എതിര്
മറ്റു സാഹചര്യ തെളിവുകളും അമീറുൽ തന്നെയാണ് പ്രതി എന്നതാണ് തെളിയിക്കുന്നത് എന്ന് കോടതി പറയുന്നു. ആരോഗ്യമുള്ള ശരീരത്തോടു കൂടിയ ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി എന്നതും കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് അടുത്തായാണ് താമസം എന്നതും പരിഗണിക്കേണ്ടതുണ്ട്. നിയമവിദ്യാർഥി കൊല്ലപ്പെട്ട ദിവസം പ്രതി ജോലിക്ക് പോയിരുന്നില്ല. പെൺകുട്ടിയുടെ വീടിന് അടുത്തായി രാവിലെ 10.30ഓടെ പ്രതിയെ കണ്ട സാക്ഷിയുണ്ട്.
മാത്രമല്ല, പെൺകുട്ടി കൊല്ലപ്പെട്ട ദിവസം ഉടനെ സംഭവ സ്ഥലത്തുനിന്ന് പ്രതി രക്ഷപെട്ടു. അന്നു രാത്രി തന്നെ അസമിലേക്കും കടന്നു. കൊലപാതകം നടന്നതിനു ശേഷം പിന്നീടൊരിക്കലും പ്രതി സംഭവസ്ഥലത്തേക്ക് തിരികെ വന്നിട്ടില്ല. തന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനും താമസിക്കുന്ന സ്ഥലമായിട്ടു പോലും പിന്നീട് പെരുമ്പാവൂരിലെത്തിയില്ല. ഇതിന് കൃത്യമായ വിശദീകരണം നൽകാനും പ്രതിക്ക് കഴിഞ്ഞിട്ടില്ല എന്ന് വിധിന്യായത്തിൽ പറയുന്നു.
ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണിൽനിന്ന് നിരന്തരം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു കൊണ്ടിരുന്ന പ്രതി, കൊലപാതകം നടന്നതിനു ശേഷം അസമിലേക്കുള്ള യാത്രയ്ക്കിടെ മാത്രമാണ് ആ നമ്പർ ഉപയോഗിച്ചത്. പിന്നീട് ഇത് ഉപയോഗിച്ചില്ല. സിം കാര്‍ഡ് സൂക്ഷിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം കാഞ്ചീപുരത്ത് എത്തിയ ശേഷം മറ്റൊരു കണക്‌ഷൻ എടുത്ത പ്രതി അതാണ് പിന്നീട് ഉപയോഗിച്ചത്. ഇതിന് കൃത്യമായ വിശദീകരണം നൽകാൻ പ്രതിക്കു കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ എല്ലാ സാഹചര്യ തെളിവുകളിലേക്കും പ്രതിയാണ് ഇത് ചെയ്തത് എന്നത് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്.
നിർഭയ കേസിനു സമാന കുറ്റകൃത്യം
നിർഭയ വധക്കേസിൽ പ്രതികളുടെ വധശിക്ഷ ശരിവച്ചു കൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാണിച്ച കാര്യങ്ങൾ വിധിന്യായത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. വധശിക്ഷ ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട് എന്നത് വിധിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നിർഭയ കേസ് പോലെ സമൂഹ മനസ്സാക്ഷിയെ നടുക്കുന്ന തരത്തിലാണ് ചില കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത്. അത്തരം കേസുകൾ ‘അപൂർവങ്ങളിൽ അപൂർവം’ എന്നു പറയേണ്ടി വരും. നിർഭയയെ പ്രതികൾ കൊലപ്പെടുത്തിയത് അത്ര ക്രൂരമായാണ്. ഏതെങ്കിലും ഒരു കേസിൽ മരണശിക്ഷ നൽകണം എന്നതാണെങ്കിൽ നിര്‍ഭയ കേസ് അത്തരത്തിലുള്ളതാണ് എന്ന സുപ്രീം കോടതി വിധിന്യായം ഉദ്ധരിച്ചു കൊണ്ട് അമീറുലിന്റെ വധശിക്ഷ സമൂഹം തീർച്ചയായും അംഗീകരിക്കും എന്ന് കോടതി പറയുന്നു. കാരണം, രണ്ടു കേസുകളിലെയും കുറ്റകൃത്യം സമാനമാണ്. അതുപോലെ, കൊല്ലപ്പെട്ട പെൺകുട്ടി സാമൂഹികമായി വളരെ പിന്നാക്കാവസ്ഥ അനുഭവിച്ചിരുന്ന, റോഡ് സൈഡിൽ സുരക്ഷിതമല്ലാത്ത വീടുകളിലൊന്നിൽ താമസിക്കാൻ നിർബന്ധിതയാക്കപ്പെട്ട വ്യക്തിയാണ്. കൊല്ലപ്പെട്ടതും ആ വീടിനുള്ളിൽ തന്നെയാണ്.
എല്ലാ അർഥത്തിലും പ്രതിക്ക് വിധിച്ചിട്ടുള്ള വധശിക്ഷ ശരിവയ്ക്കുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതില്‍നിന്ന് വ്യക്തികളെ ഭാവിയിൽ തടയുന്നതിനും ഈ വധശിക്ഷാ വിധി കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും വിധിന്യായത്തിൽ പറയുന്നു. അതുപോലെ, കൊല്ലപ്പെട്ട പെൺകുട്ടിയെപ്പോലെ അനേകം പേർക്ക് സുരക്ഷിതത്വത്തോടെയും പേടിയില്ലാതെയും ജീവിക്കാനും ഈ വിധി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിധിയിൽ ചൂണ്ടിക്കാട്ടി.