ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡ് നന്നാക്കിയില്ല; ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിട്ടു
Mail This Article
താമരശ്ശേരി ∙ കട്ടിപ്പാറ പഞ്ചായത്ത് ഓഫിസിൽ ജൽജീവൻ മിഷൻ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു. പദ്ധതിക്കായി പൈപ്പ് ഇടാൻ റോഡ് കുത്തിപ്പൊളിച്ചത് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടത്. ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ ഉദ്യോഗസ്ഥർ പരിശോധനകളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിൽ എത്തിയപ്പോഴാണ് സംഭവം. പിന്നീട് പൊലീസ് എത്തി നടത്തിയ ചർച്ചയെ തുടർന്ന് ഉദ്യോഗസ്ഥരെ മോചിപ്പിച്ചു.
പൈപ്പ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചിട്ട റോഡുകൾ മഴക്കാലത്തിന് മുൻപ് പൂർവ സ്ഥിതിയിലാക്കുമെന്ന് പലതവണ ഉദ്യോഗസ്ഥർ ജന പ്രതിനിധികൾക്ക് ഉറപ്പു നൽകിയരുന്നെങ്കിലും മഴക്കാലം കഴിഞ്ഞാലും നടപ്പാക്കാൻ കഴിയില്ലെന്നാണ് സൂചന.
ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് എം.കെ.മുനീർ എംഎൽഎ വിളിച്ച് ചേർത്ത കൊടുവള്ളി നിയോജക മണ്ഡലംതല അവലോകന യോഗത്തിൽ, പദ്ധതി പൂർത്തീകരണം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഫണ്ട് ഇല്ലെന്ന് പറഞ്ഞ് കൈ മലർത്തുകയായിരുന്നു. റോഡ് എത്രമാത്രം പൊളിച്ചെന്നോ എത്ര നന്നാക്കിയെന്നോ പറയാൻ പോലും അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
പൈപ്പ് ഇടാൻ കട്ടർ കൊണ്ട് കീറേണ്ട റോഡുകൾ മണ്ണുമാന്തി ഉപയോഗിച്ച് ആവശ്യത്തിലധികം വെട്ടിപ്പൊളിച്ചതും പ്രശ്നമായി. ഉദ്യോഗസ്ഥർ സമയ ബന്ധിതമായി പണി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം ഒഴിഞ്ഞു മാറിയത് യോഗത്തിൽ പങ്കെടുത്ത ജന പ്രതിനിധികളുടെ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉദ്യോഗസ്ഥരെ പൂട്ടിയിട്ടത്.