ADVERTISEMENT

ബെംഗളൂരു∙ ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ കർണാടക ഹാസൻ മണ്ഡലത്തിലെ എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ. തന്റെ ക്ഷമപരീക്ഷിക്കരുതെന്നും രാജ്യത്ത് തിരിച്ചുവന്ന് നിയമത്തെ അനുസരിക്കണമെന്നും വിചാരണ നേരിടണമെന്നും പാർട്ടി ലെറ്റർ ഹെഡിലൂടെ ഇറക്കിയ പ്രസ്താവനയിൽ ദേവഗൗഡ പ്രജ്വൽ രേവണ്ണയോട് ആവശ്യപ്പെട്ടു.

‘‘പ്രജ്വൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി ശിക്ഷ നൽകണമെന്നാണ് നിലപാട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജനങ്ങൾ എനിക്കും എന്റെ കുടുംബത്തിനും നേരെ രൂക്ഷ വാക്കുകൾ ഉപയോഗിക്കുന്നു. അതേക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. അവരെ തടയാനോ വിമർശിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞ് അവരോട് തർക്കിക്കാനും ഞാൻ ശ്രമിക്കില്ല. അയാൾ വിദേശത്തേക്ക് പോയത് എന്റെ അറിവോടെയല്ലെന്ന് ‍ജനങ്ങളെ ബോധ്യപ്പെടുത്താനും എനിക്കാവില്ല. ഇപ്പോൾ പ്രജ്വൽ എവിടെയാണെന്നും എനിക്കറിയില്ല. ഇനിയും തിരിച്ചു വന്നില്ലെങ്കിൽ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെ എതിർക്കും’’– രണ്ടുപേജുള്ള വൈകാരികമായ പ്രസ്താവനയിൽ ദേവഗൗഡ പറയുന്നു.

91 വയസ്സുകാരനായ മുൻപ്രധാനമന്ത്രിയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. 'പ്രജ്വൽ രേവണ്ണക്കുള്ള എന്റെ താക്കീത്' എന്ന തലക്കെട്ടിലാണ് പ്രസ്താവന ആരംഭിക്കുന്നത്. 60 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് കുടുംബത്തോടല്ല, ജനങ്ങളോടാണ് കടപ്പാടെന്നും ദേവഗൗഡ വിശദീകരിച്ചു.

അതേസമയം പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദു ചെയ്യണമെന്ന് അന്വേഷണസംഘം നിരന്തരം ആവശ്യമുന്നയിക്കുന്നുണ്ട്. ഇതിൽ വിദേശകാര്യമന്ത്രാലയം ഇതുവരെയും നടപടി കൈക്കൊണ്ടിട്ടില്ല. വിചാരണ നേരിടാതെ പ്രജ്വൽ ജർമനിയിലേക്ക് കടന്നിട്ട് 27 ദിവസമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com