ADVERTISEMENT

തിരുവനന്തപുരം∙  കേരളത്തിൽ പ്രളയമെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സമൂഹമാധ്യമ പോസ്റ്റിന് വൻ വിമർശനം. പ്രളയസാഹചര്യമില്ലാത്ത കേരളത്തിൽ എവിടെയാണ് പ്രളയമെന്ന് ചോദിച്ച് രൂക്ഷമായ ഭാഷയിൽ വിമർശനങ്ങളെത്തിയതോടെ മന്ത്രി പോസ്റ്റ് പിൻവലിച്ചു.

‘‘കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. അപകടത്തിൽ പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു’’വെന്നാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥികൂടിയായ രാജീവ് ചന്ദ്രശേഖർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്. 

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും രാജീവിന്റെ കുറിപ്പിനെ ട്രോളി രംഗത്തെത്തി. രാജീവ് ചന്ദ്രശേഖർ ഇപ്പോൾ കണ്ടത് ‘2018’ സിനിമയാണെന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം. രാജീവ് ചന്ദ്രശേഖർ ഇപ്പോഴും 2018 ൽ ജീവിക്കുകയാണെന്നും കളമശ്ശേരിയിൽ ചത്തുപൊങ്ങിയ മീനുകളെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും സാഹചര്യം മുൻകൂട്ടി കണ്ട് പോസ്റ്റ് തയ്യാറാക്കിയിരിക്കുകയാണെന്നും തുടങ്ങി കടുത്ത ഭാഷയിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിനെതിരേ വിമർശനങ്ങളുയർന്നത്.

കേരളത്തിൽ മഴ ശക്തിപ്രാപിച്ചതോടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ഒട്ടേറെ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ നാലുപേരാണ് മരിച്ചത്. എന്നാൽ സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com