മഴയെ നേരിടാൻ കേരളം സജ്ജം; 3953 ക്യാംപുകൾക്ക് സ്ഥലം കണ്ടെത്തി: മന്ത്രി രാജൻ
Mail This Article
തിരുവനന്തപുരം∙ കനത്ത മഴയെ നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമെന്ന് മന്ത്രി കെ.രാജൻ. രണ്ട് എൻഡിആർഎഫ് ടീമുകൾ കേരളത്തിലുണ്ടെന്നും ജൂൺ മാസത്തിൽ 7 ടീമുകൾ കൂടി എത്തുമെന്നും മന്ത്രി പറഞ്ഞു. 3953 ക്യാംപുകൾ തുടങ്ങാൻ സ്ഥലങ്ങൾ കണ്ടെത്തി. കേരളത്തിലെ ഡാമുകളിൽ നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിടുന്നുണ്ട്. സമൂഹ മാധ്യമങ്ങിൽ വ്യാജ പ്രചരണം നടത്തുന്നത് ഒഴിവാക്കണം. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂർത്തിയാക്കാൻ വലിയ മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മൺസൂണിന്റെ ആദ്യ പകുതിയിൽ അതിതീവ്ര മഴയുണ്ടായാൽ കാര്യങ്ങൾ ഗൗരവത്തോടെ കാണണം. ശക്തമായ മഴയുണ്ടായാൽ വെള്ളം ഒഴുകി പോകുന്നതിനു തടസമുണ്ടാകും. തൃശൂരിലെ വെള്ളക്കെട്ടിനെക്കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
‘‘വേനൽ മഴയിൽ 11 മരണം റിപ്പോർട്ട് ചെയ്തു. മേയ് 31ന് മൺസൂൺ കേരളത്തിലെത്തും. 9 സ്ഥലങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ 274.7മില്ലിമീറ്റർ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ തിരുവനന്തപുരത്താണ്; 378.8 മില്ലിമീറ്റർ. ഏറ്റവും കുറവ് വയനാട്ടിലാണ്. 271.മില്ലിമീറ്റർ.’’– മന്ത്രി രാജൻ വിശദീകരിച്ചു.