ജൂണിലും പൊള്ളും വിലയ്ക്ക് വൈദ്യുതി; യൂണിറ്റിന് 16 പൈസ വരെ കൂടിയേക്കും
Mail This Article
കൊച്ചി∙ വൈദ്യുതി മിച്ചമായ ജൂണിലും അധിക വിലയ്ക്കു കെഎസ്ഇബി വൈദ്യുതി വാങ്ങുന്നതു മൂലം യൂണിറ്റിന് 16 പൈസ നിരക്കു വർധനയ്ക്കു സാധ്യത. യൂണിറ്റിന് 1.35 രൂപ മുതൽ 2.70 രൂപയ്ക്കു വരെ ലഭിക്കുന്ന കേന്ദ്ര വൈദ്യുതി വിഹിതം സറണ്ടർ ചെയ്തിട്ടാണു ജൂണിലേക്കു യൂണിറ്റിന് 6.50 രൂപ നിരക്കിലും മേയിലേക്കു യൂണിറ്റിനു 9.60 രൂപ നിരക്കിലും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാർ ഒപ്പിട്ടത്. വൈദ്യുതി കരാറിലെ നഷ്ടം സംബന്ധിച്ചു മന്ത്രി കെ. കൃഷ്ണൻകുട്ടി വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടർന്നു കെഎസ്ഇബി പ്രസരണ വിഭാഗം ഡയറക്ടർ ഇന്നലെ രാത്രി മന്ത്രിയുടെ ഓഫിസിനു റിപ്പോർട്ട് കൈമാറി.
ഇൗ മാസം 22 വരെ 55.19 ദശലക്ഷം യൂണിറ്റ് കേന്ദ്ര വൈദ്യുതി വിഹിതം കെഎസ്ഇബി സറണ്ടർ ചെയ്തു. ഇതിനു പുറമേ 51 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിൽക്കുകയും ചെയ്തു. കരാർ പ്രകാരം 2 മാസത്തേക്ക് വൈദ്യുതി വാങ്ങാൻ 400 കോടി രൂപയോളം നൽകണം. കേന്ദ്ര വൈദ്യുതി സറണ്ടർ ചെയ്യുമ്പോൾ വില നൽകേണ്ടെങ്കിലും ഫിക്സഡ് ചാർജ് നൽകണം.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശക്തമായ കാലവർഷം പ്രവചിച്ചിട്ടും, കൊടും ചൂടുകാലത്തെ ഉപയോഗത്തിന്റെ അതേ നിരക്കിൽ മേയ്, ജൂൺ മാസത്തേക്കു വൈദ്യുതി വാങ്ങൽ കരാറുണ്ടാക്കിയ ബോർഡ്, ഉപയോക്താക്കളുടെ മേൽ വയ്ക്കുന്നത് 400 കോടി രൂപയുടെ ബാധ്യത. ഇതു ‘ട്രൂയിങ് അപ്’ പെറ്റീഷൻ ആയി റെഗുലേറ്ററി കമ്മിഷനു സമർപ്പിച്ച് അംഗീകരിപ്പിക്കുകയാണു ബോർഡിന്റെ രീതി. എന്നാൽ സർക്കാരിന്റെയോ റെഗുലേറ്ററി കമ്മിഷന്റെയോ അനുമതിയില്ലാതെയാണു ബോർഡ് കരാറുണ്ടാക്കിയത്.
മഴ പെയ്ത് ഉപയോഗം കുറഞ്ഞതോടെ ഈ മാസം എനർജി എക്സ്ചേഞ്ചിൽ യൂണിറ്റിനു ശരാശരി 4.50 രൂപയ്ക്കു വരെ വൈദ്യുതി ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കെഎസ്ഇബിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത് ഇൗ മാസം 3 നാണ്. 115.96 ദശലക്ഷം യൂണിറ്റ്. എന്നാൽ ഇൗ മാസം 22 ന് ഉപയോഗം 80.60 ശലക്ഷം യൂണിറ്റ് ആയി കുറഞ്ഞു. ഇതു മുൻ കൂട്ടി കാണാതെയാണു കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാറുണ്ടാക്കിയത്.
മേയ് 16 മുതൽ 22 വരെ കേരളത്തിലെ വൈദ്യുതി ഉപയോഗവും, കെഎസ്ഇബി സറണ്ടർ ചെയ്ത വൈദ്യുതിയും.
16 മേയ് – 90.72 ദശലക്ഷം യൂണിറ്റ് , 1.44 ദശലക്ഷം യൂണിറ്റ്
17 മേയ് – 90.95 ദശലക്ഷം യൂണിറ്റ് , 1.96 ദശലക്ഷം യൂണിറ്റ്
18 മേയ് – 87.99 ദശലക്ഷം യൂണിറ്റ് , 3.58 ദശലക്ഷം യൂണിറ്റ്
19 മേയ് – 78.99 ദശലക്ഷം യൂണിറ്റ് , 5.33 ദശലക്ഷം യൂണിറ്റ്
20 മേയ് – 81.13 ദശലക്ഷം യൂണിറ്റ് , 5.52 ദശലക്ഷം യൂണിറ്റ്
21 മേയ് – 81.14 ദശലക്ഷം യൂണിറ്റ് , 7.25 ദശലക്ഷം യൂണിറ്റ്
22 മേയ് – 80.66 ദശലക്ഷം യൂണിറ്റ് , 6.87 ദശലക്ഷം യൂണിറ്റ്