മാണിക്കെതിരെ ഉയർത്തിയത് 1 കോടിയുടെ കോഴ ആരോപണം; ഈ സർക്കാരിനെതിരെ 20 കോടിയും: വി.ഡി. സതീശൻ
Mail This Article
കൊച്ചി ∙ ബാർ കോഴ വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ നിലവിലുള്ള 801 ബാറുകളിൽനിന്ന് രണ്ടര ലക്ഷം രൂപ വച്ചു പിരിച്ച് 20 കോടി രൂപയുടെ ഇടപാടാണ് ബാർ കോഴയുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പറയാതെയും അവർ അറിയാതെയും ബാറുടമകൾ ഈ പണപ്പിരിവ് നടത്തില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചു കഴിഞ്ഞാൽ അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തിത്തരാം എന്നുള്ള ഉറപ്പിന്മേലാണ് സംസ്ഥാനത്ത് ബാറുടമകളുടെ കയ്യിൽനിന്ന് പണം പിരിക്കുന്നത്. ബാറുകളുടെ എണ്ണവും മദ്യ വില്‍പനയും കൂടിയിട്ടും ടേണ്‍ ഓവര്‍ ടാക്‌സ് മാത്രം കൂടിയില്ല. ബാറുകളില്‍ നിലവില്‍ ഒരു പരിശോധനകളുമില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങുമ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്ന് ബാര്‍ ഉടമകള്‍ക്ക് വാക്ക് കൊടുത്തിരുന്നു. ഇത് നഗ്നമായ അഴിമതിയാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്? എക്‌സൈസ് മന്ത്രിയുടെ അടുത്താണോ മുഖ്യമന്ത്രിയുടെ അടുത്താണോ അതോ എകെജി സെന്ററിലാണോ എന്ന് മാത്രം വ്യക്തമാക്കിയാല്‍ മതി.
‘‘കലക്ഷൻ തുടങ്ങിക്കഴിഞ്ഞതായാണ് ബാറുടമകളുടെ ശബ്ദസന്ദേശം വ്യക്തമാക്കുന്നത്. ബാറുടമകളെ സഹായിക്കാനും പണം പിരിക്കാനുമുള്ള നീക്കം സർക്കാർ തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങൾക്കുള്ള സബ്ജക്ട് കമ്മിറ്റിയിൽ ഇതു വന്നപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ഇതിനെ ശക്തമായി എതിർത്തിരുന്നു. അബ്കാരി നയത്തിൽ മാറ്റം വരുത്തി ബാറുടമകളെ സഹായിക്കാനാണ് ശ്രമം.
‘‘ശമ്പളം കിട്ടുന്ന ദിവസമാണ് ഒന്നാം തീയതി എന്നതിനാൽ ആ പണം മുഴുവൻ ബാറിൽ കൊണ്ടുപോയി കൊടുക്കുന്നതിനു പകരം വീട്ടിലെത്തുമല്ലോ എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് മാറിമാറി വന്ന സർക്കാരുകള്‍ അന്ന് ഡ്രൈ ഡേ ആക്കിയത്. ഇതാണ് മാറ്റാം എന്ന് സർക്കാർ പറയുന്നത്. ഒപ്പം ബാറിന്റെ പ്രവര്‍ത്തന സമയം മാറ്റുന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തു കൊടുക്കാം എന്നും സർക്കാർ പറയുന്നു.
‘‘കെ.എം.മാണിക്കെതിരെ ഒരു കോടി രൂപയുടെ കോഴ ആരോപണമാണ് അന്ന് പ്രതിപക്ഷത്തിരുന്ന് ഇവർ ആരോപിച്ചത്. ഇപ്പോഴുള്ളത് 20 കോടി രൂപയുടെ ഇടപാടാണ്. ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 669 ബാറുകൾക്ക് ലൈസൻസ് കൊടുത്തു.
‘‘ഉമ്മൻ ചാണ്ടിയുടെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കാനുള്ള തീരുമാനമെടുത്തപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ സാമൂഹിക മാധ്യമങ്ങളിൽ പറഞ്ഞത്, കൂടുതൽ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകിയ തീരുമാനം മദ്യനിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണമെന്നാണ്. യുഡിഎഫിന്റെ മദ്യനയം തട്ടിപ്പാണ്, എൽഡിഎഫ് വരുമ്പോൾ മദ്യത്തിനെതിരെ പോരാടുന്നവരെ അണിനിരത്തുമെന്നും പിണറായി പറഞ്ഞിരുന്നു.’’ – സതീശൻ പറഞ്ഞു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 130 ബാറുകൾക്ക് അനുമതി നൽകിയെന്നും എല്ലാത്തിനും പിന്നിൽ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 801 ബാറാണ് ഇപ്പോഴുള്ളത്. മദ്യവ്യാപനം തടയുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ ഇപ്പോൾ നാടുനീളെ മദ്യം ഒഴുക്കിക്കൊണ്ടിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.