‘കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കുന്നതാണോ ഘട്ടമായുള്ള മദ്യനിരോധനം ’; 2016ലെ കുറിപ്പ് ഓർമിപ്പിച്ച് സതീശന്
Mail This Article
തിരുവനന്തപുരം∙ ബാർ കോഴ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 2016ൽ കെ.എം.മാണിക്കെതിരെ ബാർ കോഴ ആരോപണമുണ്ടായപ്പോൾ പിണറായി വിജയൻ ഫെയ്സ്ബുക്കിൽ പറഞ്ഞ കാര്യങ്ങൾ ഓർമപ്പെടുത്തിയാണ് സതീശന്റെ വിമർശനം. യുഡിഎഫിന്റെ മദ്യനയം തട്ടിപ്പാണെന്നും മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കാനുമുള്ള നിശ്ചയദാർഢ്യം ഇടതുപക്ഷത്തിനാണെന്നുമുള്ള പോസ്റ്റിലെ വരികളാണ് സതീശൻ പങ്കുവച്ചത്.
കൂടാതെ ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും എക്സൈസ് മന്ത്രി എം.ബി രാജേഷ് മാത്രമല്ല ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംശയനിഴലിലാണെന്നും സതീശൻ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
2016 ൽ പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പറഞ്ഞ കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങൾ മുഖ്യമന്ത്രിയെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു.
----------------------
"കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.
ഇങ്ങനെ കൂടുതല്‍ കൂടുതല്‍ മദ്യ ശാലകള്‍ അനുവദിച്ചു കൊണ്ടാണോ 'ഘട്ടം ഘട്ടമായി ' മദ്യ നിരോധനം നടപ്പാക്കുന്നത്?
യു ഡി എഫിന്റെ മദ്യ നയം തട്ടിപ്പാണ്. അത് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ബാര്‍ കോഴയില്‍ കുടുങ്ങി ഒരു മന്ത്രിക്കു രാജിവെക്കേണ്ടി വന്ന കാപട്യമാണ്, മദ്യ നയം എന്ന പേരില്‍ യു ഡി എഫ് അവതരിപ്പിക്കുന്നത്. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയദാര്‍ഢ്യം ഇടതുപക്ഷത്തിനാണ് ഉള്ളത്. "
............
ഇപ്പോൾ എല്ലാം ശരിയാകുന്നുണ്ട്. ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. എക്സൈസ് മന്ത്രി എം.ബി രാജേഷ് മാത്രമല്ല ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംശയനിഴലിലാണ്.