വൃക്ക നൽകുന്നതിന് വാഗ്ദാനം 9 ലക്ഷം, എതിർത്തപ്പോൾ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു: യുവതിയുടെ വെളിപ്പെടുത്തൽ
Mail This Article
കണ്ണൂർ∙ ഒൻപത് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് തന്നെ വൃക്ക നൽകാൻ പ്രേരിപ്പിച്ചതെന്നും ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കണ്ണൂർ സ്വദേശിയായ ആദിവാസി വീട്ടമ്മയുടെ വെളിപ്പെടുത്തൽ. തനിക്ക് വൃക്ക നൽകാൻ താൽപര്യമില്ലായിരുന്നെന്നും ഭർത്താവും അദ്ദേഹത്തിന്റെ സുഹൃത്തായ ഇടനിലക്കാരനുമാണ് എല്ലാത്തിനും പിന്നിലെന്നും യുവതി മനോരമ ഓൺലൈനിനോട് പറഞ്ഞു. സുഹൃത്ത് പലപ്പോഴായി അവയവക്കച്ചവടം നടത്തിയിട്ടുണ്ടെന്നും നേരത്തേ പണത്തിന് വേണ്ടി ഭർത്താവും സുഹൃത്തും വൃക്ക നൽകിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.
‘‘എന്റെ ഭർത്താവും സുഹൃത്തായ ഇടനിലക്കാരനും തമ്മിൽ 20 വർഷത്തോളമായി പരിചയമുണ്ട്. രണ്ടുപേരും ഒരുമിച്ച് കിണറു പണിക്ക് പോയിട്ടുണ്ട്. അവിടെ വച്ചാണ് പരിചയപ്പെട്ടത്. വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് പോയി ഇവർ രണ്ടുപേരും വൃക്ക നൽകിയിരുന്നു. കൊച്ചിയിലെ ആശുപത്രിയിലെത്തിയാണ് സർജറി നടത്തിയത്. 2014ലാണ് സംഭവം. അന്ന് എന്റെ ഭർത്താവിന് ആറു ലക്ഷം രൂപ കിട്ടി.
പിന്നീട് ഈ ഇടനിലക്കാരൻ പലരുടെയും വൃക്കയും മറ്റ് അവയവവും കച്ചവടം ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് എന്നെയും ബന്ധപ്പെടുന്നത്. ഭർത്താവിനെ ഫോണിൽ വിളിച്ചാണ് വൃക്ക നൽകുന്നതിനെ പറ്റി സംസാരിച്ചത്. ഏതാണ്ട് ഒന്നര വർഷം മുമ്പാണ് ഇതെല്ലാം പറഞ്ഞത്. ഒൻപതു ലക്ഷം രൂപ തരാമെന്നായിരുന്നു അന്ന് പറഞ്ഞത്.
വൃക്ക ദാനം ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞെങ്കിലും പലപ്പോഴായി ഭർത്താവ് ഭീഷണിപ്പെടുത്തുകയും പലപ്പോഴായി മർദിക്കുകയും ചെയ്തു. കൊച്ചിയിൽ വച്ച് മദ്യപിച്ചെത്തി തലയിണ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ പോലും ശ്രമിച്ചു. ഇന്ന് രാവിലെ പോലും മൂന്നു മാസത്തിനകം വൃക്ക നൽകിയില്ലെങ്കിൽ കൊന്നു കളയുമെന്നാണ് പറഞ്ഞത്. ഇതിന്റെ പേരിൽ ഒരുപാട് ചീത്തപറയുകയും മർദിക്കുകയും ചെയ്തിട്ടുണ്ട്.
വൃക്ക ദാനം നൽകിയാൽ 9 ലക്ഷം രൂപ തരാമെന്നാണാണ് ആദ്യം പറഞ്ഞതെങ്കിലും ഒരു ലക്ഷം ഇടനിലക്കാരനും 2 ലക്ഷം ഭർത്താവിനും കൊടുക്കണമെന്നായി പിന്നീട്. അതോടെ ഞാൻ വൃക്കദാനം ചെയ്യുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.
രണ്ടു മാസം മുൻപാണ് പൊലീസിൽ പരാതി നൽകിയത്. തെളിവുകളുണ്ടെങ്കിലേ അവരെ പിടിക്കാനാകുവെന്നാണ് അന്ന് പൊലീസ് പറഞ്ഞത്. എന്നെ കൊണ്ട് പറ്റുന്ന തെളിവുകളെല്ലാം കൊടുത്തെങ്കിലും അവരെ ഇതുവരെയും പിടികൂടിയിട്ടില്ല.’’– യുവതി പറഞ്ഞു. വൃക്ക ദാനം ചെയ്താൽ പണം നൽകാമെന്ന് പറഞ്ഞ് മറ്റൊരു വ്യക്തിയെയും സമീപിച്ചെന്നും എന്നാൽ വൃക്ക ദാനം ചെയ്ത ശേഷം പകുതി പണം നൽകി അവരെ പറ്റിച്ചെന്നും യുവതി ആരോപിക്കുന്നു.