മോദിയും ചായയും തമ്മിലുള്ളത് ആഴത്തിലുള്ള ബന്ധം; കപ്പും പ്ലേറ്റും കഴുകിയാണ് വളർന്നത്: പ്രധാനമന്ത്രി
Mail This Article
മിർസാപുർ∙ തിരഞ്ഞെടുപ്പ് റാലിയിൽ ചായയുമായുള്ള ബന്ധത്തെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കപ്പും പ്ലേറ്റും കഴുകിയും ചായ വിളമ്പിയുമാണ് താൻ വളർന്നതെന്ന് പറഞ്ഞ മോദി, ചായയുമായി തനിക്ക് ആഴത്തിലുള്ള ബന്ധമാണെന്നും കൂട്ടിച്ചേർത്തു. മിർസാപുരിൽ നടന്ന റാലിയിൽ ഇന്ത്യ മുന്നണിയെ വർഗീയ വാദികളെന്ന് വിശേഷിപ്പിച്ച മോദി സമാജ്‌വാദി പാർട്ടി മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും പരിഹസിച്ചു.
‘‘സമാജ്‍വാദി പാർട്ടിക്ക് വേണ്ടി ആരും വോട്ടുകൾ പാഴാക്കാൻ ആഗ്രഹിക്കില്ല. മുങ്ങിക്കൊണ്ടിരിക്കുന്നവർക്ക് ജനം വോട്ട് ചെയ്യില്ല. സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുള്ളവർക്കേ അവർ വോട്ട് ചെയ്യുകയുയുള്ളൂ. പിടിക്കപ്പെടുന്ന തീവ്രവാദികളെ സമാജ്‌വാദി പാർട്ടി സർക്കാർ വെറുതെവിടും. അതിന് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യും.’’– റാലിയിൽ മോദി ആരോപിച്ചു.
ഇന്ത്യ മുന്നണിയിലെ ആളുകളെ ജനങ്ങൾ മനസ്സിലാക്കിയെന്നും, ഇക്കൂട്ടർ കടുത്ത വർഗീയവാദികളാണെന്നും പറഞ്ഞ മോദി, ഇവർ ജാതിചിന്ത പേറുന്നുവെന്നും, സ്വന്തം കുടുംബങ്ങൾക്ക് വേണ്ടി മാത്രമാണവർ പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. ‘‘യാദവ സമുദായത്തിൽ കഴിവുള്ള എത്രയോ പേരുണ്ടായിട്ടും അഖിലേഷ് യാദവ് സ്വന്തം കുടുംബത്തിൽ പെട്ടവർക്ക് മാത്രമാണ് സീറ്റ് നൽകുന്നത്. യുപിയും പുർവാഞ്ചലും അവർ മാഫിയ കേന്ദ്രങ്ങളാക്കി മാറ്റി. സമാജ്‌വാദി പാർട്ടി ഭരണകാലത്ത് ആർക്കും ഭൂമി തട്ടിയെടുക്കാമെന്ന അവസ്ഥയായിരുന്നു. ആൻ മാഫിയ അംഗങ്ങളും വോട്ട് ബാങ്കായി കണക്കാക്കപ്പെട്ടു.’’– റാലിയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി ആരോപിച്ചു.