ഭരണഘടനയുടെ ആമുഖം തിരുത്തിയത് ഇന്ദിരാ ഗാന്ധി, ബിജെപി ഒരിക്കലും അതു ചെയ്യില്ല: രാജ്നാഥ് സിങ്
Mail This Article
ന്യൂഡൽഹി ∙ ഭരണഘടനയുടെ ആമുഖം ആദ്യമായി തിരുത്തിയത് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധിയാണെന്നും ബിജെപി ഒരിക്കലും അതു ചെയ്യില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ബിജെപി ഒരിക്കലും സംവരണം അവസാനിപ്പിക്കില്ലെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രാജ്നാഥ് സിങ് വ്യക്തമാക്കി.
‘1976ലാണ് ആദ്യമായി ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തുന്നത്. ഇന്ദിരാ ഗാന്ധിയാണ് അതു ചെയ്തത്. കോൺഗ്രസും മറ്റ് രാഷ്ട്രീയ പാർട്ടികളും ഒട്ടേറെത്തവണ അതു ചെയ്യുന്നുണ്ട്. ഇപ്പോൾ അവർ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. ആമുഖത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ബിജെപി ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല.’’– രാജ്നാഥ് സിങ് പറഞ്ഞു.
ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന കീറിക്കളയുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് രാജ്നാഥ് സിങ് ഇക്കാര്യം പറഞ്ഞത്.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കാൻ ബിജെപിക്ക് പദ്ധതിയില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. എന്നാൽ മതാടിസ്ഥാനത്തിൽ ഒരിക്കലും സംവരണം അനുവദിക്കില്ല. ‘‘പട്ടികവർഗം, ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഈ രാജ്യത്ത് സംവരണം വേണം. മതാടിസ്ഥാനത്തിൽ സംവരണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അത് ഭരണഘടന അനുവദിക്കുന്നതല്ല.’’– രാജ്നാഥ് സിങ് പറഞ്ഞു.