ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനൽ നടക്കുന്ന ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തിലെ കാലാവസ്ഥ കളിക്ക് അനുകൂലമാകാനാണ് എല്ലാ സാധ്യതകളും. ഞായർ ഉച്ചകഴിഞ്ഞ് മൂടിക്കെട്ടിയ അന്തരീക്ഷം ഉണ്ടെങ്കിലും അത് മഴയിലേക്കു വഴിമാറാനുള്ള സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെയും മറ്റ് വിദഗ്ധരുടെയും വിലയിരുത്തൽ. കളി തുടങ്ങുന്ന രാത്രി 7.30 ആകുമ്പോഴേക്കും താപനില 34 ഡിഗ്രി സെൽഷ്യസായി കുറയും. രാത്രിയിൽ ഇത് ഒന്നോ രണ്ടോ ഡിഗ്രി വീണ്ടും കുറയാനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ തീവ്ര ചുഴലിയായിയ മാറിയ ‘റിമാൽ’ കൊൽക്കത്ത തീരവും കടന്ന് ബംഗ്ലദേശിലെ കേപ്പുപാറ ഭാഗത്തേക്ക് നീങ്ങിക്കഴിഞ്ഞുവെങ്കിലും ചെന്നൈ ഉൾപ്പെടെ കടൽത്തീര സംസ്ഥാനങ്ങളെല്ലാം ജാഗ്രതയിൽ ആണ്. മഴ ഇടയ്ക്കു കുട നിവർത്തിയെത്തുമോ എന്ന ആശങ്ക പരന്നതിനു കാരണം ഇതാണ്.

ഈർപ്പത്തിന്റെ തോതായ അന്തരീക്ഷ ആർദ്രത 60 മുതൽ 70 ശതമാനം വരെ ആയതിനാൽ നേരിയ തോതിൽ ഉഷ്ണവും പുകച്ചിലും രാത്രി വൈകിയും അനുഭവപ്പെടാം. ഞായർ രാവിലെ 8 ന് അവസാനിച്ച 24 മണിക്കൂറിൽ ചെന്നൈയിൽ ചില സ്ഥലങ്ങളിൽ നേരിയ മഴ ലഭിച്ചുവെങ്കിലും ഞായർ വൈകുന്നേരം ആരംഭിക്കുന്ന മത്സരത്തിന്റെ ആവേശത്തിന് ഒപ്പമാണ് കാലാവസ്ഥയെന്ന് വിവിധ ഏജൻസികൾ പറയുന്നു. മുഴുവൻ ഓവറും പൂർത്തിയാകും വരെ മഴ തടസ്സം സൃഷ്ടിക്കില്ലെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ് പ്രവചിച്ചു.

തെക്കു പടിഞ്ഞാറൻ ദിശയിൽനിന്ന് നേരിയ കാറ്റും 6.31 ന് സൂര്യൻ അസ്തമിച്ചാൽ മൈതാനത്തുണ്ടാകാവുന്ന നേരിയ നനവും എല്ലാം മികച്ച കായിക അന്തരീക്ഷം സൃഷ്ടിക്കും. മണിക്കൂറിൽ നാലു മുതൽ ആറു വരെ കിലോമീറ്ററാണ് ഉച്ച കഴിഞ്ഞുള്ള കാറ്റിന്റെ വേഗം. ഇത് 18–20 കിലോമീറ്റർ വരെ വേഗത്തിലാകാം. കാറ്റിന്റെ നേരിയ ആവരണം മൈതാനത്തെ പൊതിഞ്ഞു നിൽക്കുമെന്നല്ലാതെ മറ്റു വെല്ലുവിളികളില്ല. സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ആവേശം ഉൾക്കൊണ്ടു തന്നെ കാലാവസ്ഥയും കലാശത്തിന് ഒപ്പമാണ്.

English Summary:

IPL Final: Weather Forecast in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com