രാജ്കോട്ട് തീപിടിത്തം: ഗുജറാത്ത് സർക്കാരിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് തുറന്നടിച്ച് ഹൈക്കോടതി
Mail This Article
രാജ്കോട്ട്∙ രാജ്കോട്ട് ഗെയിമിങ് സെന്ററിലെ തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിമർശനം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 32 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർക്കാരിന്റെയും രാജ്കോട്ട് മുൻസിപ്പൽ കോർപ്പറേഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ സർക്കാർ രൂക്ഷമായി വിമർശിച്ചു. രണ്ടു വർഷമായി ലൈസൻസോ അഗ്നിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് രണ്ട് ഗെയിമിങ് സെന്ററുകളും പ്രവർത്തിച്ചിരുന്നത് എന്ന വിവരം അറിയിച്ചപ്പോഴാണ്, സർക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് കോടതി പ്രതികരിച്ചത്.
‘‘ഇത്രനാൾ നിങ്ങൾക്ക് കണ്ണു കാണില്ലായിരുന്നോ? അതോ ഉറങ്ങുകയായിരുന്നോ? ഇപ്പോൾ പ്രാദേശിക സംവിധാനത്തെയോ സംസ്ഥാന സർക്കാരിനെയോ ഞങ്ങൾ വിശ്വസിക്കുന്നില്ല.’’ – കോടതി പറഞ്ഞു.
ഗെയിമിങ് സെന്ററിന് പ്രവർത്തനാനുമതി തേടിയിരുന്നില്ലെന്ന് പറഞ്ഞ മുൻസിപ്പൽ കോർപ്പറേഷനെയും കോടതി ശക്തമായ ഭാഷയിൽ ശകാരിച്ചു. രണ്ടര വർഷമായി സെന്റർ നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മുൻസിപ്പൽ ഉദ്യോഗസ്ഥർ എവിടെയായിരുന്നെന്ന് കോടതി ചോദിച്ചു. മുൻസിപ്പൽ ഓഫിസർമാർ ഗെയിമിങ് സെന്ററിൽ നിൽക്കുന്ന ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ കോടതിയുടെ വാക്കുകൾ കൂടുതൽ പരുഷമായി. ഫോട്ടോയിലുള്ള ഉദ്യോഗസ്ഥർ ആരാണെന്നും അവരും ഗെയിമിങ് സെന്ററിൽ കളിക്കുകയായിരുന്നോയെന്നും കോടതി ചോദിച്ചു.
അഹമ്മദാബാദിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മറ്റു രണ്ട് ഗെയിമിങ് സെന്ററുകൾ കൂടിയുണ്ടെന്നും ഇത്തരം കേസുകൾ അന്വേഷിച്ച് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. നാല് വർഷത്തിനുള്ളിൽ പല തീരുമാനങ്ങളും നിർദേശങ്ങളും പുറപ്പെടുവിച്ചതിനു ശേഷവും ഇത്തരത്തിലുള്ള ആറ് സംഭവങ്ങളുണ്ടായതായി കോടതി നിരീക്ഷിച്ചു. സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
∙ ‘തീ പടർന്നത് വെൽഡിങ് കേന്ദ്രത്തിൽനിന്ന്’
അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. അടുത്തുള്ള വെൽഡിങ് കേന്ദ്രത്തിൽനിന്നാണ് തീ പടർന്നുതുടങ്ങിയതെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഇത് ഗെയിമിങ് കേന്ദ്രത്തിനു സമീപം സൂക്ഷിച്ചിരുന്ന ഇന്ധന കന്നാസുകളിലേക്കു പടർന്നതോടെ തീ ആളിപ്പടരുകയായിരുന്നു. മൂവായിരത്തലധികം ലീറ്റർ ഇന്ധനം ഗെയിമിങ് കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്നതായാണ് വിവരം. പ്രത്യേക അന്വേഷണസംഘം ഗുജറാത്ത് സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് സ്ഥിരീകരണമുള്ളത്. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് മുൻപ് പൊലീസ് പറഞ്ഞിരു
രാജ്‌കോട്ട് പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റി. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് മേധാവി രാജു ഭാർഗവയെ സ്ഥലം മാറ്റുന്നത്. പുതിയ പദവികളൊന്നും ഇയാൾക്ക് നൽകിയിട്ടില്ല. പകരം അഹമ്മദാബാദിൽ നിന്നുള്ള സ്‌പെഷ്യൽ പൊലീസ് കമ്മിഷണറായ ബ്രജേഷ് കുമാർ ഝാ ചുമതലയേൽക്കും. ഭാർഗവയെ കൂടാതെ, രാജ്‌കോട്ട് സിറ്റി അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ് (അഡ്മിനിസ്‌ട്രേഷൻ, ട്രാഫിക്, ക്രൈം) വിധി ചൗധരിയെയും സ്ഥലം മാറ്റി.ന്നത്.