‘മോദി ഗ്യാരന്റിയുടെ വാറന്റി കഴിഞ്ഞു; കേരളം പുലർത്തുന്ന ജാഗ്രതയെ രാജ്യം മാതൃകയാക്കണം’
Mail This Article
കോഴിക്കോട് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റിയുടെ വാറന്റി കഴിഞ്ഞെന്നും ദക്ഷിണേന്ത്യയിൽനിന്ന് മാത്രം ഇന്ത്യാസഖ്യം നൂറിലധികം സീറ്റ് നേടുമെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ സ്നേഹസദസ്സിൽ, ശിഹാബ് തങ്ങൾ എഴുതിയ സ്നേഹസന്ദേശം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘മോദി രാജ്യത്തെ വിഭജിക്കുന്ന പ്രഭാഷണങ്ങൾ നടത്തുന്നു. പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കാൻ യോഗ്യനല്ല. ദേശതാൽപര്യം ബിജെപി സംരക്ഷിക്കുന്നില്ല. ദലിത്, ന്യൂനപക്ഷ സംവരണം എടുത്തു കളയാൻ വേണ്ടിയാണ് ഇത്തവണ 400 സീറ്റ് വേണമെന്ന് ബിജെപി മോഹിക്കുന്നത്. സമൂഹത്തെ ഒന്നിപ്പിച്ച് മുന്നോട്ട് പോകാൻ കേരളം പുലർത്തുന്ന ജാഗ്രതയെ രാജ്യം മാതൃകയാക്കണം.
സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹസദസ്സ് രാജ്യത്തിനുള്ള സന്ദേശമാണ്. ഒരു വർഗീയ ശക്തികളെയും ഈ മണ്ണിലേക്ക് പ്രവേശിക്കാൻ കേരളം സമ്മതിച്ചിട്ടില്ല. ഇക്കാര്യത്തിൽ അഭിമാനിക്കുകയും അസൂയപ്പെടുകയും ചെയ്യുന്നു. യുഡിഎഫ് ഇന്ത്യ സഖ്യത്തിന്റെ ആത്മാവാണ്. യുഡിഎഫിന്റെ വിശ്വസ്ത ഘടക കക്ഷിയാണ് ലീഗ്. കേരളം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി തെലങ്കാനയിൽ മത്സരിക്കാൻ വിസമ്മതിച്ചത്’’– രേവന്ത് പറഞ്ഞു.
നമ്മൾ ഒറ്റയ്ക്കു ജയിക്കേണ്ടവരല്ലെന്നും ഒരുമിച്ച് ജയിക്കേണ്ടവരാണെന്നും അധ്യക്ഷത വഹിച്ച സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ദാഹവും വിശപ്പും മനുഷ്യ സഹജമാണ്. സ്‌നേഹത്തിന് വേണ്ടി ദാഹിക്കുന്നതും മനുഷ്യ സഹജമാണ്. അതുകൊണ്ടാണ് കവികൾ എപ്പോഴും സ്‌നേഹത്തെക്കുറിച്ച് പറയുന്നത്. സഹജീവി സ്‌നേഹം എപ്പോഴും നിലനിർത്തണം. അപ്പോൾ മാത്രമേ പ്രകൃതി പോലും നിലനിൽക്കൂ. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഓരോ നിമിഷവും വിനിയോഗിക്കണം. മനുഷ്യബന്ധം ഊഷ്മളമാക്കി നിലനിർത്തിയാലേ ദൈവവുമായുള്ള ബന്ധത്തിന് പ്രസക്തിയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.