ADVERTISEMENT

കോഴിക്കോട്∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പിൽ ഹാജരാകണമെന്നു കോടതി നിർദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയയ്ക്കാനും കോടതി നിർദേശിച്ചു. 

കേസിൽ രാഹുലിന്റെ അമ്മ ഉഷാ കുമാരിയെയും സഹോദരി കാർത്തികയെയും പൊലീസ് പ്രതികളാക്കിയിരുന്നു. സ്ത്രീധനപീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടിയത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ചോദ്യംചെയ്യലിനു ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടിസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

എന്നാൽ, ആദ്യം പെൺകുട്ടി നൽകിയ പരാതിയിൽ ഉഷയുടെയും സഹോദരിയുടെയും പേരില്ലെന്നും രണ്ടാമത് എഴുതിച്ചേർത്തതാണെന്നും പ്രതിഭാഗം വാദിച്ചു. സ്ത്രീധനത്തിന്റെ പേരിലല്ല പ്രശ്നമുണ്ടായതെന്നും ഇക്കാര്യം എഫ്ഐആറിൽ വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. വിദേശത്തുള്ള രാഹുലിനെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനാണ് നീക്കം.

English Summary:

Pantherankavu Domestic Violence Case: Rahul's mother and sister got anticipatory bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com