എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണം: പരിഹസിച്ച് വി.ഡി. സതീശൻ
Mail This Article
കോഴിക്കോട്∙ മദ്യനയ അഴിമതി വിവാദത്തിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എക്സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് കവർന്നെടുത്തിരിക്കുകയാണെന്നും എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നും സതീശൻ പരിഹസിച്ചു.
മദ്യനയത്തിൽ ചർച്ച നടന്നില്ലെന്നാണ് ടൂറിസം മന്ത്രി പറയുന്നത്. ചർച്ച നടന്നതിന്റെ എല്ലാ തെളിവും പ്രതിപക്ഷം ഹാജരാക്കി. അബ്കാരി ചട്ടത്തിൽ ഭേദഗതി ചർച്ച ചെയ്യാൻ ടൂറിസം സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളത്. ടൂറിസം വകുപ്പ് അനാവശ്യ തിടുക്കം കാട്ടി. ഇക്കാര്യത്തിൽ ആദ്യം നുണ പറഞ്ഞത് മന്ത്രിമാരാണ്. തുടർന്ന് ഉദ്യോഗസ്ഥരെക്കൊണ്ടുകൂടി നുണ പറയിപ്പിക്കുകയാണ്. ടൂറിസം സെക്രട്ടറിക്ക് മദ്യനയത്തിൽ റോളില്ലെന്നും സതീശൻ പറഞ്ഞു.
അധികാര കേന്ദ്രീകരണം നടക്കുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. എസ്പിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റിയാണ്. എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത് ഏരിയ കമ്മിറ്റികളാണ്. കേരള പൊലീസ് തലയിൽ തുണിയിട്ട് നടക്കേണ്ട അവസ്ഥയാണ്. പൊലീസിനെ നിർവീര്യമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട സംഭവത്തിൽ വാർത്ത എങ്ങനെ പുറത്തുപോയെന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ലഹരിമരുന്നു സംഘത്തിന്റെയും ക്രിമിനലുകളുടെയും കയ്യിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കിടന്ന് ക്രിമിനലുകൾ ക്വട്ടേഷൻ നൽകുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി നിസംഗത പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.