‘കളമശേരിയിൽ മേഘവിസ്ഫോടനം; ഒന്നര മണിക്കൂറിൽ പെയ്തത് 100 എംഎം മഴ’
Mail This Article
കൊച്ചി∙ കളമശേരിയിലെ കനത്ത മഴയ്ക്കു പിന്നിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ എസ്. അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്. കാക്കനാട് ഇൻഫോപാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
എന്താണ് മേഘവിസ്ഫോടനം?
കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. മേഘ വിസ്ഫോടനമുണ്ടാകുന്ന സ്ഥലത്ത് നിമിഷങ്ങൾ കൊണ്ടു വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. ഇടിയും മിന്നലുമുണ്ടാകും. മേഖല പ്രളയത്തിലാകും. മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനമെന്നു പറയാം. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്. അത്തരം മേഘങ്ങൾക്കു ചില പ്രത്യേകതകൾ ഉണ്ടായിരിക്കും. ഈർപ്പം നിറഞ്ഞ വായുപ്രവാഹം ഭൗമോപരിതലത്തിൽനിന്ന് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോ നിംബസ് മേഘങ്ങൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ രൂപപ്പെട്ട് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം. തുലാമഴയുടെ സമയത്തും കാലാവർഷത്തിലും വലിയ കാറ്റോടുകൂടി മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളുണ്ടാകും.
ഇത്തരത്തിൽ ഉണ്ടാകുന്ന കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്. ഇത്തരം മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. ഇത് മേഘത്തിന്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകും. അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് വേഗത്തിൽ എത്തുന്ന കുമുലോ നിംബസ് മേഘങ്ങൾ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ കാരണം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. ഇതു കാരണം ഈർപ്പം മഞ്ഞുകണങ്ങളായി മാറുന്നു.