ADVERTISEMENT

കാലവർഷത്തിൽ മഴ കുറയാൻ കാരണമാകുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായതായി കാലാവസ്ഥാ വകുപ്പ്. വൈകാതെ സാധാരണ സ്ഥിതിയിലേക്ക് എത്തുകയും പിന്നീട് നേർവിപരീത പ്രതിഭാസമായ ലാ നിനോയിലേക്ക് മാറുകയും ചെയ്യും. ഇത് കാലവർഷത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. 

മൂടിക്കെട്ടിയ തീരം വേനൽമഴ ശക്തമായതുമൂലം മത്സ്യബന്ധനത്തിനു പോകരുതെന്ന് അറിയിപ്പു വന്നതോടെ കൊല്ലം ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന വള്ളങ്ങൾ. ജൂൺ 9 മുതൽ ട്രോളിങ് നിരോധനം നടപ്പാക്കാനിരിക്കെ, മഴയും കടൽക്ഷോഭവും മത്സ്യബന്ധനമേഖലയെ തളർത്തിയിരിക്കുകയാണ്.  ചിത്രം : അരവിന്ദ് ബാല ∙ മനോരമ
മൂടിക്കെട്ടിയ തീരം വേനൽമഴ ശക്തമായതുമൂലം മത്സ്യബന്ധനത്തിനു പോകരുതെന്ന് അറിയിപ്പു വന്നതോടെ കൊല്ലം ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന വള്ളങ്ങൾ. ജൂൺ 9 മുതൽ ട്രോളിങ് നിരോധനം നടപ്പാക്കാനിരിക്കെ, മഴയും കടൽക്ഷോഭവും മത്സ്യബന്ധനമേഖലയെ തളർത്തിയിരിക്കുകയാണ്. ചിത്രം : അരവിന്ദ് ബാല ∙ മനോരമ

ലാനിനോയ്ക്കൊപ്പം ഇന്ത്യൻ ഓഷ്യൻ ഡയപോൾ (ഐഒഡി) പ്രതിഭാസം പോസിറ്റീവ് ആകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. അറബിക്കടലിന് ചൂടുകൂടുകയും ബംഗാൾ ഉൾക്കടലിന് ചൂട് കുറയുകയും ചെയ്യുന്നതാണ് ഐഒഡി. ഇതും കാലവർഷത്തെ ശക്തമാക്കും. മേയ് 31ന് കാലവർഷം എത്തുമെന്നാണ് പ്രവചനം. 

എൽ നിനോയും ലാ നിനോയും 

ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭൂമിയിൽ അനുഭവപ്പെടുന്ന സവിശേഷ കാലാവസ്ഥയാണ് എൽ നിനോ. ഭൂമിയിൽ നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറ്റുന്നതാണ് ഈ പ്രതിഭാസം. എൽനിനോ നീണ്ടു നിൽക്കുന്നത് ഏതാനും മാസങ്ങളിലേക്കാണെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലോകത്തെ നിലവിലുള്ള കാലാവസ്ഥാ താപനില വ്യവസ്ഥകളെ തന്നെ മാറ്റിമറിക്കും. ലോകത്തെ തന്നെ ചിലഭാഗങ്ങളിൽ കൊടും ചൂട് അനുഭവപ്പെടുമ്പോൾ ഈ പ്രതിഭാസം മൂലം മറ്റ് പല പ്രദേശങ്ങളിൽ കൊടും പേമാരിയും പ്രളയവുമാകും ഉണ്ടാകുക. ഉദാഹരണത്തിന് ഇന്ത്യയിൽ കൊടും ചൂടിന് കാരണമാകുമ്പോൾ യൂറോപ്പിലോ ആമേരിക്കയിലോ കാലം തെറ്റിയെത്തുന്ന മഴയ്ക്കാകും എൽ നിനോ കാരണമാകുക.

മഴയൊരുക്കം ...
മേഘങ്ങൾ വേമ്പനാട്ട് കായലിന്റെ ആകാശത്ത് പടയൊരുക്കം നടത്തുന്നു. 
വൈക്കം സത്യാഗ്രഹ സ്മൃതി ശിൽപ ഉദ്യാനത്തിലെ ‘ദ് റിസറെക്‌ഷൻ ഓഫ് എ ഫോളൻ വാറിയർ’ എന്ന ശിൽപത്തിന്റെയും കായലിന്റെയും പശ്ചാത്തലത്തിൽ
ഫോട്ടോ എടുക്കുന്നു. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
മഴയൊരുക്കം ... മേഘങ്ങൾ വേമ്പനാട്ട് കായലിന്റെ ആകാശത്ത് പടയൊരുക്കം നടത്തുന്നു. വൈക്കം സത്യാഗ്രഹ സ്മൃതി ശിൽപ ഉദ്യാനത്തിലെ ‘ദ് റിസറെക്‌ഷൻ ഓഫ് എ ഫോളൻ വാറിയർ’ എന്ന ശിൽപത്തിന്റെയും കായലിന്റെയും പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുന്നു. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

എൽ നിനോയുടെ നേർ വിപരീതമായ പ്രതിഭാസമാണ് ലാ നിനോ. ഭൂമധ്യാരേഖാപ്രദേശത്തെ പസഫിക് സമുദ്രോപരിതലം തണുക്കാൻ കാരണമാകുന്നു. പസഫിക് സമുദ്രോപരിതലത്തിലെ ചൂടുവെള്ളം തെക്കൻ അമേരിക്കൻ ഭാഗത്തുനിന്ന് ഓസ്ട്രേലിയൻ ഭാഗത്തേക്ക് ഒഴുകുന്നു. ഇത് ഇന്ത്യയിൽ കൂടുതൽ മഴയ്ക്ക് കാരണമാകുന്നു.

ജനുവരിയിൽ തുടങ്ങിയ വേനൽ

ജനുവരി അവസാനത്തോടെയാണ് കേരളത്തിൽ വേനൽക്കാലം ആരംഭിച്ചത്. ഫെബ്രുവരി ആദ്യ ആഴ്ച ആയപ്പോൾതന്നെ ചൂട് കനത്തു. മാർച്ച് അവസാനത്തോടെ പാലക്കാട് ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും താപനില 40 ഡിഗ്രിയിലെത്തി. അന്തരീക്ഷ ഊഷ്മാവ് കൂടിയതോടെ രാത്രിയിലെ ചൂട് കൂടി.  കേരളത്തിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചു. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം കൂടി. പ്രതിദിനം 11 കോടി യൂണിറ്റിലേക്ക് കുതിച്ചുയരുകയായിരുന്നു.

1.പെരുംകുളം ഏലയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് വീടിന് ചുറ്റും വെള്ളം കയറിയപ്പോൾ.2. വീടിനകത്ത് വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാർ  സാധനങ്ങളും വളർത്തുമൃഗവുമായി പുറത്തേക്കു പോകുന്നു.
1.പെരുംകുളം ഏലയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് വീടിന് ചുറ്റും വെള്ളം കയറിയപ്പോൾ.2. വീടിനകത്ത് വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാർ സാധനങ്ങളും വളർത്തുമൃഗവുമായി പുറത്തേക്കു പോകുന്നു.

മേയ് അവസാനത്തോടെ വേനൽമഴ

മേയ് 15 ഓടെ പല ഭാഗങ്ങളിലായി മഴ ലഭിച്ചുതുടങ്ങി. പിന്നീടുള്ള ദിവസങ്ങൾ ശക്തമായ വേനൽമഴയായിരുന്നു. 40 ഡിഗ്രി താപനിലയിൽ നിന്ന് 27 ഡിഗ്രി സെൽഷ്യസിലേക്ക് താണു. താപതരംഗത്തിന് നൽകി വന്നിരുന്ന അലർട്ടുകൾ ഇപ്പോൾ മഴ മുന്നറിയിപ്പുകളായി മാറിയിരിക്കുകയാണ്.

English Summary:

Meteorological Department Predicts Stronger Monsoon with La Niña Transition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com