നരേന്ദ്ര മോദിയുടെ ധ്യാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു കോൺഗ്രസിന്റെ പരാതി
Mail This Article
നാഗർകോവിൽ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി കോണ്‍ഗ്രസ്. മോദിയുടേത് പരോക്ഷമായ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനാണ് തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള ധ്യാനം. ഇതു സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മോദിയുടെ ധ്യാന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് ഡിഎംകെയും നിവേദനം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ പ്രധാനമന്ത്രി മോദി വിവേകാനന്ദ മണ്ഡപത്തിൽ ധ്യാനിക്കുന്നത് തിരഞ്ഞെടുപ്പ് ലംഘനമാണെന്നാണ് ഡിഎംകെയുടെയും ആരോപണം.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കന്യാകുമാരി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് തിരുവനന്തപുരത്തെത്തും. അവിടെ നിന്ന് ഇന്ത്യൻ എയർഫോഴ്‌സ് ഹെലികോപ്റ്ററിൽ കന്യാകുമാരി സർക്കാർ ഗസ്റ്റ് ഹൗസിലെ ഹെലിപാഡിലെത്തി, കടലിന് നടുവിൽ സ്ഥിതി ചെയ്യുന്ന സ്വാമി വിവേകാനന്ദ സ്‌മാരക ഹാളിൽ തങ്ങി അവിടെയുള്ള ധ്യാനമണ്ഡപത്തിൽ ധ്യാനിച്ച് കരയിലേക്ക് മടങ്ങും. ജൂൺ ഒന്നിന് ശനിയാഴ്ച വൈകീട്ട് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് തിരിച്ചെത്തി വിമാനമാർഗം ഡൽഹിക്ക് മടങ്ങും.
കന്യാകുമാരിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകിട്ട് കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം കാറിൽ പൂമ്പുകർ ഷിപ്പിങ് കോർപറേഷൻ പരിസരത്ത് പോയി എം.എൽ.വിവേകാനന്ദ എന്ന സ്വകാര്യ ബോട്ടിൽ വിവേകാനന്ദ സ്മാരക ഹാളിലേക്ക് പോകും. സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ പുഷ്പവൃഷ്ടിയുണ്ട്. തുടർന്ന് കന്യാകുമാരി ഭഗവതി അമ്മന്റെ കാൽപാദ മണ്ഡപത്തിൽ ആരാധന നടത്തുകയും തുടർന്ന് ധ്യാനമണ്ഡപത്തിൽ ധ്യാനിക്കുകയും ചെയ്യും.
വ്യാഴം രാത്രിയും വെള്ളി രാത്രിയുമായി രണ്ട് ദിവസം വിവേകാനന്ദ സ്മൃതിമണ്ഡപത്തിൽ തങ്ങുന്ന അദ്ദേഹം ജൂൺ ഒന്നിന് വൈകിട്ട് മൂന്നിന് ബോട്ടിൽ സമീപത്തെ 133 അടി ഉയരമുള്ള തിരുവള്ളുവർ പ്രതിമ സന്ദർശിക്കും. തിരുവള്ളുവരുടെ പാദങ്ങളിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, സ്വകാര്യ ബോട്ടിൽ കരയിലേക്കും വീണ്ടും ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്കും തുടർന്ന് സ്വകാര്യ വിമാനത്തിൽ ഡൽഹിയിലേക്കും മടങ്ങും.