ADVERTISEMENT

ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങളുടെ അവകാശമാണ്; അതുറപ്പാക്കാൻ സർക്കാർ ബാധ്യസ്‌ഥവുമാണ്. പക്ഷേ, പണംകൊടുത്തു നാം പുറത്തുനിന്നു വാങ്ങിക്കഴിക്കുന്നതു പലപ്പോഴും മോശവും രോഗത്തിനും മരണത്തിനും കാരണമാവുകയും ചെയ്യുന്നു. മോശം ഭക്ഷണം വിളമ്പുന്നതു വിശ്വാസവഞ്ചനയാണെന്നു ജനം പറയുന്നു. ദുരന്തമുണ്ടാകുമ്പോൾ മാത്രം ഉണരുന്ന സർക്കാർ സംവിധാനങ്ങൾ പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്. ശുചിത്വവും ഗുണമേന്മയുമുള്ള ഭക്ഷണം ജനത്തിനു നൽകാൻ ഹോട്ടലുകളും റസ്‌റ്ററന്റുകളും ശ്രദ്ധിക്കണം. ഒപ്പം, ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാനും കൈവിട്ട പരീക്ഷണങ്ങളിൽനിന്നു മാറിനിൽക്കാനും ജനവും ജാഗ്രത പുലർത്തണം. കാലവർഷം കനക്കുന്നതോടെ രോഗങ്ങളും പടരുമെന്നതിനാൽ ആഹാരത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നു ഡോക്ടർമാരും പറയുന്നു.

∙ സ്വാദ് വേണോ, ജീവൻ വേണോ?

മയോണൈസ് പോലുള്ളവ സ്വന്തമായി തയാറാക്കേണ്ടെന്നും ബ്രാൻഡഡ് കമ്പനികൾ റെഡിമെയ്ഡായി ഇറക്കുന്നവ ഉപയോഗിക്കണമെന്നുമാണു ഹോട്ടൽ അസോസിയേഷന്റെ തീരുമാനം. എന്നാൽ മുട്ട ചേർക്കാത്ത മയോണൈസിനു രുചിയില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നെന്നും കച്ചവടം കുറയുന്നെന്നുമാണു ഹോട്ടലുകാരുടെ വാദം. ഇത്തരം രുചിക്കു പിന്നാലെ ഹോട്ടലുകാരും ഉപയോക്താക്കളും പോകുന്നതു ജീവനുതന്നെ അപകടകരമാണെന്നു തൃശൂരിലെ ഭാരത് ഹോട്ടൽ ഉടമ എം.ശ്രീകുമാർ ‘മനോരമ ഓൺലൈനോടു’ പറഞ്ഞു.

Representative Image. Image Credit: tashka2000/Istock.com
Representative Image. Image Credit: tashka2000/Istock.com

* മയോണൈസ് ഉൾപ്പെടെ ഓരോ പദാർഥത്തിനും സമയപരിധിയുണ്ട്. അതറിഞ്ഞേ കഴിക്കാവൂ.

* റെഡിമെയ്ഡ് മയോണൈസിനു സ്വാദ് കുറവാകും. ജീവൻ പോകുന്നതിനേക്കാൾ നല്ലതല്ലേ സ്വാദ് കുറയുന്നത്.

* 99 ശതമാനം ഭക്ഷ്യവിഷബാധയും മയോണൈസിൽനിന്നാണെന്ന് അറിയുമ്പോൾ ഒഴിവാക്കുന്നതല്ലേ നല്ലത്?

* സംഭവങ്ങളുണ്ടാകുമ്പോൾ റെയ്ഡുമായി ഭക്ഷ്യവകുപ്പ് ഇറങ്ങും. കൃത്രിമം നടത്തുന്ന ഹോട്ടലുകാർ വേണ്ടതെല്ലാം ഒളിപ്പിച്ചുവയ്ക്കും.

* മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ തിളപ്പിച്ചാറിയ വെള്ളമേ നൽകാവൂ എന്നു നിർദേശിച്ചിട്ടുണ്ട്.

* മഴക്കാലത്ത് പൊതുവെ ഭക്ഷണത്തിന് കുഴപ്പങ്ങൾക്കു സാധ്യത. വെജിറ്റേറിയൻ ഹോട്ടലിൽ പ്രശ്നം കുറവാണ്.

* വെജിറ്റേറിയൻ കറികൾ 100–120 ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ചും മഞ്ഞൾപ്പൊടി ചേർത്തുമാണു തയാറാക്കുന്നത്.

* അധികം കറികൾക്കു പകരം ഒന്നോ രണ്ടോ കറികൾ വൃത്തിയോടെയും ചൂടോടെയും തയാറാക്കുന്നതിലാകണം ഹോട്ടലുകാരുടെ ശ്രദ്ധ.

* മഴ കനക്കുന്നതോടെ വെണ്ടയ്ക്ക, പയർ, അമരയ്ക്ക എന്നിവയുടെ ഉള്ളിൽ പുഴു കടന്നുകൂടും.

* ആഹാരത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതി കൂടാനിടയുള്ളതിനാൽ ഇവ ഒഴിവാക്കുകയാണ് നല്ലത്.

∙ നല്ലത് നാടൻ ഭക്ഷണം

നോൺ–വെജ് വിഭവങ്ങളിലൂടെയാണ് അണുബാധ പടരാൻ സാധ്യത കൂടുതലെന്നു പട്ടാമ്പി അമിയ ആയുർവേദ നഴ്‍സിങ് ഹോം ചീഫ് ഫിസിഷ്യൻ ഡോ. കെ.ടി.വിനോദ് കൃഷ്ണ അഭിപ്രായപ്പെടുന്നു. പഴകിയ മാംസാഹാരങ്ങൾ അസുഖസാധ്യത കൂട്ടും. പച്ചക്കറികളിലെ വിഷാംശവും സമീപകാലത്തായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പച്ചക്കറികൾ കഴുകാതെ ഉപയോഗിക്കുന്നത് അപകടമാണ്. നമ്മുടെ ഭക്ഷണ സംസ്കാരം നഷ്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

KOZHIKODE 28th July 2012 :Rice Puttu / Photo: By Russell Shahul , CLT #
പുട്ട്. ചിത്രം: മനോരമ

* വിരുദ്ധാഹാരങ്ങളിലാണ് ഇപ്പോൾ പരീക്ഷണം. മുട്ടയും തേനും ഒരുമിച്ച് ഉപയോഗിക്കരുത്. തേൻ ചൂടാക്കിയാൽ വിഷമാകും.

* കനലിൽ കരിച്ചെടുത്ത ഭക്ഷണത്തിലെ കാർബൺ ശരീരത്തിലെത്തുന്നത് കാൻസറിനു കാരണമാകും.

* ബിരിയാണിക്കൊപ്പം തൈര് ചേർത്തുള്ള സാലഡ് കഴിക്കുന്നതു നല്ലതല്ല.

* കല്യാണ മണ്ഡപങ്ങളിലെ അടുക്കളകൾ ഭക്ഷ്യവകുപ്പ് പരിശോധിക്കണം. 

* കല്യാണ വിരുന്നുകളിൽ പാത്രങ്ങൾ വൃത്തിയാക്കാത്തതും ശുചിത്വം പാലിക്കാത്തതും കൂടുന്നു.

* ഹോട്ടലുകളിൽ ഗുണനിലവാരം ഉറപ്പുവരുത്തണം. അടുക്കളകൾ ഉപയോക്താക്കൾക്കു കാണാനാകണം

* പരീക്ഷണ വിഭവങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കുക.

* വീട്ടിലുണ്ടാക്കുന്ന ആഹാരവും നാടൻ ഭക്ഷണങ്ങളും പ്രോത്സാഹിപ്പിക്കണം.

English Summary:

Stay Safe During Kerala’s Monsoons: The Importance of Hotel Food Hygiene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com