പെരുമഴയിൽ കൊച്ചി മുങ്ങി; റോഡുകൾ തോടുകളായി; വീടുകളിൽ വെള്ളം കയറി
Mail This Article
കൊച്ചി∙കനത്ത മഴയിൽ കളമശ്ശേരി മൂലേപ്പാടം ഭാഗത്ത് പ്രതിസന്ധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളത്തിന്റെ അളവ് ഉയർന്നുകൊണ്ടിരിക്കുകയാണ്. വീടുകളിൽ മുട്ടൊപ്പം വെള്ളം നിറഞ്ഞു. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. രാത്രിയിൽ സ്ഥിതിഗതികൾ രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണിത്. ഇവരെ കളമശ്ശേരി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റുകയാണ്.
ഫയർ ഫോഴ്സിന്റെ റബർ ബോട്ടിലാണ് ആളുകളെ ഒഴിപ്പിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസം മഴ കനത്തതോടെയാണ് ഈ ഭാഗത്ത് വെള്ളം കയറിയത്. മൂലേപ്പാടം ഭാഗത്ത് പലയിടത്തും കഴുത്തൊപ്പം വെള്ളമുണ്ട്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വീടുകൾ ഒഴിഞ്ഞു പോകാൻ ആളുകൾ തീരുമാനിച്ചത്. അധികൃതരുടെ നേതൃത്വത്തിലാണ് ഇപ്പോൾ ഒഴിപ്പിക്കൽ നടന്നുകൊണ്ടിരിക്കുന്നത്.
ഇന്നലെ പെയ്ത മഴയിൽ തന്നെ ഇവിടെ പല വീടുകളിലും വെള്ളം കയറിയതോടെ കുറച്ചു വീട്ടുകാർ ഇന്നലെ ബന്ധു വീടുകളിലേക്കും മറ്റും പോയിരുന്നു. ബാക്കിയുള്ള ആളുകളെയാണ് ഇപ്പോൾ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. രാവിലെ മുതൽ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിലാണ് മൂലേപ്പാടം ഭാഗം വെള്ളത്തിൽ മുങ്ങിയത്. ഇന്നലെ മേഘവിസ്ഫോടനത്തെ തുടർന്ന് ശക്തമായ മഴ ലഭിച്ച പ്രദേശം കൂടിയാണ് കളമശ്ശേരി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയുടെ മിക്ക മേഖലകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇടപ്പള്ളി, പാലാരിവട്ടം, എംജി റോഡ് ഭാഗങ്ങളിലെല്ലാം റോഡുകൾ തോടുകൾക്ക് സമാനമായി. തൃക്കാക്കക്കര, കാക്കനാട് പ്രദേശത്തും മഴ തുടരുന്നു. മഴയെ തുടർന്ന് തൃക്കാക്കര ക്ഷേത്രത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞതിനെ തുടർന്ന് ക്ഷേത്ര പരിസരത്തേക്കും വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലുള്ളത്. തൃക്കാക്കര മുതൽ ദേശീയപാത വരെയുള്ള മിക്ക പ്രദേശങ്ങളിലും വെള്ളക്കട്ടുകൾ രൂപപ്പെട്ടു. വാഴക്കാല പരിസരത്തെ വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറി.