ലഹോർ കരാർ പാക്കിസ്ഥാൻ ലംഘിച്ചു, അതു ഞങ്ങളുടെ തെറ്റ്: ഏറ്റുപറഞ്ഞ് നവാസ് ഷരീഫ്
Mail This Article
ലഹോർ∙ ഇന്ത്യയുമായി 1999ൽ ഒപ്പുവച്ച ലഹോർ കരാർ പാക്കിസ്ഥാൻ ലംഘിച്ചുവെന്ന വെളിപ്പെടുത്തലുമായി പാക്ക് മുൻ പ്രസിഡന്റ് നവാസ് ഷരീഫ്. കാർഗിൽ യുദ്ധത്തിലേക്ക് നയിച്ച പർവേസ് മുഷറഫിന്റെ നീക്കം ഇന്ത്യയുമായുള്ള കരാറിന്റെ ലംഘനമായിരുന്നെന്നും തെറ്റായിപ്പോയെന്നുമാണ് ഷരീഫിന്റെ വെളിപ്പെടുത്തൽ. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസിന്റെ (പിഎംഎൽഎൻ) ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു ഷരീഫിന്റെ കുറ്റസമ്മതം.
‘‘1998 മേയ് 28ന് പാക്കിസ്ഥാൻ 5 ആണവപരീക്ഷണങ്ങൾ നടത്തി. പിന്നീട് വാജ്‌പേയ് സാഹിബ് ഇവിടെ വരികയും നമ്മളുമായി കരാറൊപ്പിടുകയും ചെയ്തു. എന്നാൽ ആ കരാർ നമ്മൾ ലംഘിക്കുകയാണുണ്ടായത്. അത് നമ്മുടെ തെറ്റാണ്’’– ഷരീഫ് പറഞ്ഞു. ആണവപരീക്ഷണം നിർത്തിവയ്ക്കാൻ അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൻ പാക്കിസ്ഥാന് 500 കോടി ഡോളർ വാഗ്ദാനം ചെയ്തിരുന്നെന്നും അതു താൻ നിരസിച്ചുവെന്നും ഷരീഫ് അവകാശപ്പെട്ടു. ഇമ്രാൻ ഖാനായിരുന്നു അന്ന് പ്രധാനമന്ത്രിയെങ്കിൽ ആ പണം സ്വീകരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ലഹോർ ഉച്ചകോടിക്കുശേഷം 1999 ഫെബ്രുവരി 21നാണ് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും പാക്ക് പ്രധാനമന്ത്രിയായിരുന്ന ഷരീഫും ലഹോർ പ്രഖ്യാപനത്തിൽ ഒപ്പിട്ടത്. എന്നാൽ ഏതാനും മാസങ്ങൾക്കു ശേഷം കശ്മീരിലെ കാർഗിലിൽ പാക്ക് സേന കടന്നുകയറി. ഈ സംഭവമാണ് കാർഗിൽ യുദ്ധത്തിന് വഴി തുറന്നത്.