സൗബിനും ഷോണും തട്ടിപ്പ് നടത്തി, കരുതിക്കൂട്ടി വഞ്ചിച്ചെന്നും പൊലീസ്; 47 കോടി നഷ്ടമെന്ന് സിറാജ്
Mail This Article
കൊച്ചി ∙ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിറും ഷോൺ ആന്റണിയും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾ നടത്തിയത് മുൻകൂട്ടി നിശ്ചയിച്ചുള്ള വഞ്ചനയാണെന്ന് മരട് എസ്എച്ച്ഒ ജി.പി.സജുകുമാർ റിപ്പോർട്ട് നൽകിയത്. ഈ സിനിമയുടെ നിർമാണത്തിനായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും ഏഴു കോടി മുതൽമുടക്കിയ പരാതിക്കാരന് മുടക്കുമുതൽ പോലും തിരിച്ചുനൽകിയില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒരു മാസത്തേക്ക് നിർമാതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിടുകയായിരുന്നു. ഈ കേസിലെ പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിനെ നിർമാതാക്കൾ കരുതിക്കൂട്ടി വഞ്ചിക്കുകയായിരുന്നു എന്ന് റിപ്പോർട്ട് പറയുന്നു. ഏഴു കോടി രൂപ നിക്ഷേപിച്ചാൽ 40% ലാഭവിഹിതം നൽകാമെന്നായിരുന്നു പരാതിക്കാരനുമായി നിർമാണ കമ്പനി ഉണ്ടാക്കിയ കരാർ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി എന്നായിരുന്നു 2022 നവംബർ 30ന് കരാർ ഒപ്പിടുമ്പോൾ നിർമാതാക്കൾ പറഞ്ഞിരുന്നത്.
എന്നാൽ ആ സമയം ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ ജോലികൾ മാത്രമാണ് കഴിഞ്ഞിരുന്നത്. 26 തവണയായി അഞ്ചു കോടി 99 ലക്ഷം അക്കൗണ്ട് വഴിയും ബാക്കി നേരിട്ടുമായി 7 കോടി രൂപ പരാതിക്കാരൻ നിർമാതാക്കൾക്ക് നൽകി. വിതരണത്തിനും മാർക്കറ്റിങ്ങിനുമടക്കം 22 കോടി ചെലവായെന്നായിരുന്നു നിർമാതാക്കൾ അറിയിച്ചത്. എന്നാൽ കണക്കുകൾ പരിശോധിച്ചതിൽ നിന്നും ജിഎസ്ടി അടക്കം 18.65 കോടി മാത്രമാണ് ചെലവായിട്ടുള്ളത്. സമയബന്ധിതമായി പരാതിക്കാരൻ പണം നൽകാത്തത് മൂലം നഷ്ടമുണ്ടായെന്ന നിർമാതാക്കളുടെ വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പറവ ഫിലിംസിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് വഴി വിവിധ വ്യക്തികളിൽ നിന്നായി 28 കോടി 35 ലക്ഷം രൂപ പ്രതികൾ സ്വീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടി ഒരു രൂപ പോലും നിർമാതാക്കൾ മുടക്കിയിട്ടില്ല എന്ന് വ്യക്തമാണ്. സിനിമയുടെ റിലീസ് പ്രതിസന്ധിയിൽ ആണെന്ന് നിർമാതാക്കൾ പറഞ്ഞപ്പോൾ വിതരണ കമ്പനിയിൽ നിന്നും 11 കോടി കൂടി പരാതിക്കാരൻ ലഭ്യമാക്കി കൊടുത്തു. മൊത്തം കലക്‌ഷനിൽ നിന്നുള്ള നിർമാതാക്കളുടെ ഓഹരിയായി 45 കോടി ഏപ്രിൽ 29 വരെ ലഭിച്ചിട്ടുണ്ടെന്ന് വിതരണ കമ്പനിയിൽനിന്ന് ലഭിച്ച രേഖകളിലുണ്ട്. സാറ്റലൈറ്റ്, ഒടിടി അവകാശങ്ങളിൽ നിന്നായി 96 കോടി പ്രതീക്ഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. 47 കോടി രൂപ ധാരണപ്രകാരം പരാതിക്കാരന് നൽകാനുണ്ട്. എന്നാൽ 50 ലക്ഷം മാത്രമാണ് നൽകിയിട്ടുള്ളത്. ഏഴു കോടിയോളം നഷ്ടപ്പെട്ടതോടെ പരാതിക്കാരന്റെ കുടുംബ ബിസിനസ്സും നഷ്ടത്തിലായി. കാൻസർ രോഗത്തിന് ചികിത്സിച്ചു കൊണ്ടിരിക്കുന്ന പരാതിക്കാരന് 47 കോടി കിട്ടാനുണ്ടായിട്ടും ഇത് ലഭിക്കാത്തതിനാൽ തുടർചികിത്സ നടത്താൻ പറ്റാത്ത സാഹചര്യമാണെന്നും റിപ്പോർട്ടിലുണ്ട്.
ഈ കേസിന്റെ അന്വേഷണത്തിന് പ്രതികളുടെ സാന്നിധ്യം ആവശ്യമാണെന്നും അതിനാൽ മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കരുെതന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ മരട് പൊലീസ് കേസെടുത്തത്. പ്രതികൾ ഇതിനെതിരെ ഹൈക്കോടതിെയ സമീപിച്ച് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു. പരാതിക്കാരനുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും എന്നാൽ സിനിമയുമായി ബന്ധപ്പെട്ട അന്തിമ കണക്കുകൾ ഇതുവരെ തീർപ്പാക്കിയിട്ടില്ലെന്നുമാണ് പ്രതികൾ കോടതിയെ അറിയിച്ചത്. മാത്രമല്ല, ഒരു സിവിൽ കോടതി കേസ് പരിഗണിക്കുമ്പോൾ തന്നെയാണ് പരാതിക്കാരൻ ക്രിമിനൽ കേസ് നൽകിയത് എന്നും ഇത് സമ്മർദം ചെലുത്താൻ വേണ്ടിയാണെന്നും പ്രതികൾ വാദിച്ചു.