ഒന്നാം തീയതിയിലെ ശമ്പളവും ഡ്രൈ ഡേയും; 21 വർഷത്തെ ശീലം മാറ്റുമോ പുതിയ മദ്യനയം?
Mail This Article
തിരുവനന്തപുരം∙ മദ്യ നയത്തില്‍ ഡ്രൈ ഡേ മാറ്റുമോ ഇല്ലയോ എന്നാണ് എല്ലാവർഷവും ഉയരുന്ന ചോദ്യം. മദ്യനയം പരിഷ്കരിക്കാൻ സർക്കാരിനു പണം പിരിച്ചു നൽകണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ വാട്സാപ് സന്ദേശം അടുത്തിടെ വിവാദമായി. ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചു. ഒന്നാം തീയതിയിലെ ഡ്രൈ ഡേ എന്നാണ് ആരംഭിച്ചത്? സംസ്ഥാനത്ത് ഡ്രൈ ഡേ നിലവിൽ വന്നിട്ട് 21 വർഷമായി. 2003 മാർച്ച് 14നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വന്നു.
ചാരായ നിരോധനത്തിന്റെ സാഹചര്യത്തിലായിരുന്നു ഉത്തരവ്. ഒന്നാം തീയതി ശമ്പളം വാങ്ങുന്നവർ മദ്യത്തിനായി ധാരാളം പണം ചെലവഴിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു ഡ്രൈ ഡേ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തെക്കുറിച്ച് ഭിന്നാഭിപ്രായം ഉയർന്നെങ്കിലും പിന്നീടുവന്ന സർക്കാരുകൾ മാറ്റാൻ തയാറായില്ല. 2003–2004ലെ മദ്യനയത്തിന്റെ ഭാഗമായാണ് പുതിയ നിർദേശവും നടപ്പിലാക്കിയത്.
ഇംഗ്ലിഷ് മാസത്തിലെ ആദ്യ ദിവസം ഡ്രൈ ഡേ ആയിരിക്കുമെന്നാണ് ഉത്തരവിലെ പത്താമത്തെ നിർദേശമായി ഉള്ളത്. ബീയർ–വൈൻ പാർലറുകൾ കെടിഡിസിക്ക് അനുവദിക്കാനും ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ ബീയർ–വൈൻ പാർലറുകൾ ആരംഭിക്കാനും അന്നത്തെ മദ്യനയത്തിൽ തീരുമാനിച്ചിരുന്നു. ടിന്നിൽ നിറച്ച കള്ള് വിൽക്കാനും കെടിഡിസിക്ക് അനുമതി നൽകി.
ഡ്രൈ ഡേ മാറ്റണമെന്നാണ് ബാർ ഉടമകളുടെ ആവശ്യം. എല്ലാവർഷവും ഈ ആവശ്യം ഉന്നയിക്കപ്പെടാറുണ്ടെങ്കിലും സർക്കാർ വഴങ്ങാറില്ല. ഡ്രൈ ഡേ മാറ്റണമെന്നാണ് ബവ്റിജസ് കോർപറേഷന്റെയും നിലപാട്. ടൂറിസം വകുപ്പിനും ഈ അഭിപ്രായമുണ്ട്. ടൂറിസം കേന്ദ്രങ്ങളിലെങ്കിലും ഇളവ് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ചർച്ച ചെയ്യാനാണ് ടൂറിസം വകുപ്പ് യോഗം വിളിച്ചത്. എന്നാൽ, ഡ്രൈ ഡേ അടക്കം മാറ്റാൻ പണം നൽകണമെന്ന ബാർ ഉടമയുടെ ശബ്ദസന്ദേശം പുറത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലായി.