ADVERTISEMENT

കോട്ടയം∙ രണ്ടു മാസം മുൻപ് പോളണ്ടിൽവച്ച് മരിച്ച മകന്റെ മരണത്തിനു പിന്നിലെ യഥാർഥ കാരണം തേടി കുടുംബം. തൃശൂർ പെരിങ്ങോട്ടുകര അമ്പാട്ട് ഹൗസിൽ അഭിലാഷിന്റെയും ബിന്ദുവിന്റെയും മകൻ ആഷിക് രഘു (23) ആണ് ഏപ്രിൽ ഒന്നിന് പോളണ്ടിൽവച്ച് മരിച്ചത്. സാധാരണ മരണമെന്ന് വിധിയെഴുതി പോസ്റ്റ്മോർട്ടം ചെയ്യാതെ അവിടെനിന്ന് കയറ്റി അയച്ച മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്ന് വ്യക്തമായത്. എന്നാൽ എങ്ങനെയാണ് ആഷിക്കിന്റെ തലയ്ക്ക് പരിക്കേറ്റതെന്നോ മരിച്ച ദിവസം സംഭവിച്ചതെന്താണെന്നോ വീട്ടുകാർക്കറിയില്ല. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകി കാത്തിരിക്കുകയാണവർ.

സംഭവത്തെക്കുറിച്ച് ആഷിക്കിന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ആഷിക്കിന്റെ പിതാവ് അഭിലാഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘ഏപ്രില്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 3.20നാണ് പോളണ്ട് എംബസിയില്‍നിന്ന് അവിടുത്തെ മലയാളി അസോസിയേഷന്റെ ഭാരവാഹി ചന്ദ്രു നെല്ലൂർ മകന്റെ മരണവിവരം വിളിച്ചു പറഞ്ഞത്. 23 വയസായിട്ടേയുള്ളൂ അവന്. വിവരം അറിഞ്ഞ് ഞാന്‍ അവന്റെ കൂടെ താമസിക്കുന്ന സുഹൃത്തുക്കളെ വിളിച്ചിരുന്നു. രാത്രി ഭക്ഷണം കഴിച്ച് കിടന്നതാണ്, രാവിലെ അവന്‍ മാത്രം എഴുന്നേറ്റില്ല എന്നാണ് അവർ പറഞ്ഞത്. പിന്നീട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഓട്ടത്തിലായി ഞങ്ങള്‍.

‘‘മൃതദേഹം എംബാം ചെയ്ത് കയറ്റി അയയ്ക്കുന്ന സ്ഥാപനത്തിന്റെ ആളുകള്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പി ഉള്‍പ്പെടെയുള്ള രേഖകള്‍ ചോദിച്ച് വാട്‌സാപ്പില്‍ ബന്ധപ്പെട്ടിരുന്നു. അവരോട് മരണകാരണം ചോദിച്ചപ്പോഴാണ് കാരണം ‘അജ്ഞാതം’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അവിടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ലെന്നും അറിഞ്ഞത്. എന്തുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ലെന്ന് ചോദിച്ചപ്പോള്‍, മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലാത്തതിനാൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ലെന്നാണ് അവിടുത്തെ പ്രോസിക്യൂട്ടര്‍ പറഞ്ഞത്. അതോടെ ഇവിടെവച്ച് പോസ്റ്റ്മോർട്ടം നടത്താമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അയച്ചുതരൂവെന്നും ഞാൻ അവരോട് ആവശ്യപ്പെട്ടു.

‘‘എംബാം ചെയ്ത ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പൊലീസിന്റെ അനുമതി വേണമെന്നറിഞ്ഞതോടെ എഡിഎമ്മിനെയും റൂറല്‍ എസ്പിയെയും കണ്ട് അപേക്ഷ നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ 12–ാം തീയതി മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. അതിലാണ് ആഷിക്കിന്റേത് സാധാരണ മരണം അല്ലെന്നും തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും വ്യക്തമായത്. വലതു തോളിലും മുട്ടിലും ഇടതുകയ്യിലും ഉരഞ്ഞ പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. തുടരന്വേഷണത്തിനു സാഹചര്യമുള്ളതിനാല്‍ ശരീരം ദഹിപ്പിക്കരുതെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. അതിനാൽ മൃതദേഹം ലാലൂര്‍ ശ്മശാനത്തില്‍ മറവുചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനെത്തുടര്‍ന്ന് ഞങ്ങള്‍ എംബസിക്കും കേന്ദ്രമന്ത്രി വി.മുരളീധരനും കത്തയിച്ചിരുന്നു. പിന്നീട് ഇത് പോളണ്ടിലെ ചില മാധ്യമങ്ങളിലും വാർത്തയായി. 

‘‘ഇതിനു പിന്നാലെ മകന്റെ കൂട്ടുകാര്‍ വീണ്ടും വിളിച്ചു. അവന്‍ രാത്രി ഉറങ്ങിയിട്ട് പിന്നീട് ഉണര്‍ന്നില്ലെന്ന് അതുവരെ പറഞ്ഞുകൊണ്ടിരുന്ന അവർ പിന്നെ പുതിയൊരു കഥയാണ് പറഞ്ഞത്. ആഷിക് മരിക്കുന്നതിനു തലേന്ന് എല്ലാവരും ഒരു ഈസ്റ്റര്‍ പാര്‍ട്ടിക്ക് പോയിരുന്നെന്നും തിരിച്ചുവരുമ്പോള്‍ വണ്ടി തട്ടിയെന്ന് പറഞ്ഞ് കുറച്ച് യുക്രെ‌യ്‌ന്‍കാരുമായി വഴക്കുണ്ടായിയെന്നും അവർ പറഞ്ഞു. കൂട്ടത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് പരുക്കേറ്റെന്നും എന്നാല്‍ ആഷിക്കിന് അടി കിട്ടിയോയെന്ന് അറിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഇതു കഴിഞ്ഞ് റൂമിലെത്തിയപ്പോൾ ശരീരം വേദനിക്കുന്നെന്ന് പറഞ്ഞ് ആഷിക് കിടന്നെന്നും ബാക്കി രണ്ടുപേര്‍ അടുത്ത ഫ്ലാറ്റില്‍ച്ചെന്ന് കൂട്ടുകാരൊത്ത് ഭക്ഷണം കഴിച്ചശേഷം വന്നു കിടന്നുറങ്ങിയെന്നുമാണ് പറയുന്നത്. രാവിലെ ആഷിക് കിടന്നുപിടയുന്നത് കണ്ട് അടുത്ത ഫ്ലാറ്റിലെ ആളുകളെ അറിയിച്ചെന്നും അവര്‍ ഡോക്ടറെ വിളിച്ചുവരുത്തിയെന്നും പറയുന്നു. ഡോക്ടര്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആദ്യം കൂട്ടുകാര്‍ പറഞ്ഞതും ഇപ്പോള്‍ പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല.’’ – പിതാവ് പറഞ്ഞു.

‘‘ഒരു വര്‍ഷം മുൻപാണ് മൊബൈലുമായി ബന്ധപ്പെട്ട കോഴ്‌സ് പഠിച്ചശേഷം അയല്‍വാസിയായ യുവാവ് സംഘടിപ്പിച്ചു നല്‍കിയ വീസയിലാണ് ആഷിക് പോളണ്ടിലേക്കു പോയത്. ഫുഡ് ഡെലിവറി സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ആഷിക് മറ്റ് രണ്ട് മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം സബ്‌കി എന്ന സ്ഥലത്തെ ഫ്ലാറ്റില്‍ താമസിച്ചു വരികയായിരുന്നു. ഈസ്റ്റര്‍ പാര്‍ട്ടിയില്‍ ഇവരുള്‍പ്പെടെ ഏഴ് മലയാളികളുണ്ടായിരുന്നെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് പോളണ്ടില്‍ അന്വേഷണം നടത്തണമെങ്കില്‍ ഇന്ത്യന്‍ എംബസി ഇക്കാര്യം പോളണ്ടിനോട് ആവശ്യപ്പെടണം. ഇതിനായി മേയ് 5ന് മെയില്‍ അയച്ചിട്ടും എംബസിയില്‍നിന്ന് ഇതുവരെ ഒരു പ്രതികരണവുമുണ്ടായിട്ടില്ല.’’ – അഭിലാഷ് പറഞ്ഞു.

English Summary:

Mysterious Death in Poland: Thrissur Family Seeks Truth Behind Son's Tragic Demis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com