കേസ് ഒതുക്കാന്‍ ശ്രമിച്ച് പൊലീസ്, പരാതി വർധിച്ചതോടെ അറസ്റ്റ്: 3 മാസത്തിന് ശേഷം പ്രതികൾ പുറത്തേക്ക്
Mail This Article
കൽപറ്റ∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾ പുറത്തിറങ്ങുന്നത് മൂന്നുമാസത്തിന് ശേഷം. ഫെബ്രുവരി 28നാണ് കേസുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റിലായത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ 8 വിദ്യാർഥികളിൽ ആറുപേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.
സാധാരണ ആത്മഹത്യയാക്കി ഒതുക്കാനായിരുന്ന കോളജ് അധികൃതരും പൊലീസും ശ്രമിച്ചത്. എന്നാൽ സിദ്ധാർഥന്റെ മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പൊലീസ് കാര്യമായ അന്വേഷണത്തിലേക്ക് കടന്നത്. സിദ്ധാർഥന്റെ മരണം സംഭവിച്ച് 10 ദിവസം കഴിഞ്ഞാണ് ആറുപേരെ അറസ്റ്റ് ചെയ്തത്. അപ്പോഴേക്കും കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേരും ഒളിവിൽ പോയിരുന്നു.
യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍ (20), എന്‍.ആസിഫ് ഖാന്‍ (20), കെ.അഖില്‍ (23), ആര്‍.എസ്.കാശിനാഥന്‍ (19), അമീന്‍ അക്ബര്‍ അലി (19), സിന്‍ജോ ജോണ്‍സണ്‍ (20), ജെ.അജയ് (20), ഇ.കെ.സൗദ് റിസാല്‍ (22), എ.അല്‍ത്താഫ് (22), വി.ആദിത്യന്‍ (22), എം.മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലായിരുന്നു ആദ്യം കേസെടുത്തത്. ഒന്നാം പ്രതി കെ.അഖിലിനെ 29ന് പാലക്കാടു നിന്നും അറസ്റ്റ് ചെയ്തു. പിന്നീട് പല ദിവസങ്ങളിലായി ചിലർ കീഴടങ്ങുകയും മറ്റു ചിലരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 18 പേരായിരുന്നു ആദ്യം കേസിൽ പ്രതികൾ. അന്വേഷണത്തിനിടെ ഒരാളെക്കൂടി പ്രതിചേർത്തു.
ബിവിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ (21) ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളജില്‍വച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു. മൂന്നുദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചു. ക്രൂര മർദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് വ്യക്തമായത്. സിദ്ധാർഥനെ മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് ഹോസ്റ്റലിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ വെളിപ്പെടുത്തിയിരുന്നു.
കേസ് ഒതുക്കാൻ ശ്രമിച്ചെങ്കിലും ദേശീയതലത്തിൽ വിഷയം ചർച്ചയായതോടെ യൂണിവേഴ്സ്റ്റി വൈസ് ചാൻസലറെ ഉൾപ്പെടെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് എ.ഹരിപ്രസാദ് കമ്മിഷൻ കളമശ്ശേരി കുസാറ്റ് ക്യാംപസിൽ തെളിവെടുപ്പ് നടത്തിയിരുന്നു.