ADVERTISEMENT

തൃശൂർ∙ ‘കുട്ടിയുടെ നല്ല കാലം, എന്റെയും. എല്ലാം നന്നായി അവസാനിച്ചു’–തൃശൂർ മനക്കൊടി കിഴക്കുംപുറം റോഡിലെ മരക്കമ്പനിക്കു മുൻപിലെ ഓടയിലേക്കു വീണ അഞ്ചു വയസുള്ള കുട്ടിയെ രക്ഷിച്ച ഓട്ടോ ഡ്രൈവർ സുഭാഷ് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. സ്ലാബിനടിയിൽകൂടി 10 മീറ്ററോളം ഒഴുകി അപ്പുറത്തെത്തിയപ്പോഴാണ് കുട്ടിയെ സുഭാഷ് രക്ഷിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ സുഭാഷെന്ന കഥാപാത്രമാണ് കൊടെയ്ക്കനാലിലെ ഗുണാകേവിൽ വീണ് കൂട്ടുകാർ രക്ഷപ്പെടുത്തിയതെങ്കിൽ, തൃശൂരിലെ ഓടയിൽ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കാനുള്ള നിയോഗം സുഭാഷിന്റേതായി.

‘‘ഞാൻ മരക്കമ്പനിയുടെ മുന്നിൽ ഓട്ടോ ഒതുക്കി ഇട്ടിരിക്കുകയായിരുന്നു. ആ സമയത്ത് ജോലി ഇല്ലാത്തതിനാൽ ചിലരോട് വർത്തമാനം പറഞ്ഞു നിൽക്കുമ്പോഴാണ് കുട്ടിയും അമ്മയും അവിടേയ്ക്ക് വന്നത്. ആ സമയം ശക്തമായ മഴയുണ്ടായിരുന്നു. ഓടയുടെ സ്ലാബ് നിറഞ്ഞ് വെള്ളം പോകുന്നുണ്ടായിരുന്നു. റോഡിൽ വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ കുട്ടിയെ അമ്മ അരികിലേക്ക് മാറ്റി നിർത്തി. അമ്മ ഓട്ടോ വിളിക്കുന്നതിനിടയിലാണ് കുട്ടി സ്ലാബിനിടയിലൂടെ ഓടയിലേക്ക് പോയത്. അമ്മ നിലവിളിച്ചു കൊണ്ട് ഓടിയെത്തി. കുട്ടി ഒഴുകി എതിർഭാഗത്തേക്ക് പോയിട്ടുണ്ടാകാമെന്ന് കണ്ടു നിന്നവർ വിളിച്ചു പറഞ്ഞു.

‘‘സ്ഥലത്തെക്കുറിച്ച് ധാരണയുള്ളതിനാൽ ഞാൻ ഓടി എതിർവശത്തെത്തി ഓടയിലേക്കിറങ്ങി. വെള്ളത്തിന് കുറുകേ നിന്നു. കുട്ടി ഒഴുകി വന്നപ്പോൾ തൂക്കിയെടുത്ത് മുകളിലേക്ക് കയറ്റി. 14 സ്ലാബിന് അടിയിലൂടെയാണ് കുട്ടി ഒഴുകി വന്നത്. മുട്ടിനു മുകളിൽ വെള്ളം ഉണ്ടായിരുന്നു. കുട്ടി മുന്നോട്ടു പോയിരുന്നെങ്കിൽ കൂടുതൽ ശക്തമായ ഒഴുക്കിൽപ്പെടുമായിരുന്നു. 300 മീറ്റർ അകലെ ആഴമുള്ള ചാലിലേക്കാണ് ഈ ഓടയിലെ വെള്ളം ഒഴുകിയെത്തുന്നത്.’’ – സുഭാഷ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെ മനക്കൊടിയിലാണു സംഭവം. പൊന്മാണി രാജുവിന്റെയും റോജിയുടെയും മകൻ റയാൻ (5) ആണു കിഴക്കുപുറം റോഡിലെ ഓടയിൽ വീണത്. റോഡിലൂടെ പോകുമ്പോൾ എതിർദിശയിൽനിന്നു വാഹനം വരുന്നതുകണ്ട് ഓടയ്ക്കു മുകളിലുള്ള സ്ലാബിലേക്കു കയറിനിന്നതായിരുന്നു റയാനും അമ്മ റോജിയും. അമ്മയുടെ കയ്യിൽ ഇളയകുഞ്ഞുമുണ്ടായിരുന്നു. വാഹനം പോയി തിരികെ റോഡിലേക്കു നടക്കുമ്പോൾ കാലുതെറ്റി റയാൻ ഓടയുടെ സ്ലാബ് ഇല്ലാത്ത ഭാഗത്തേക്കു വീഴുകയായിരുന്നു. 

English Summary:

Heroic Thrissur Auto Driver Saves 5-Year-Old from Drowning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com