യോഗ്യതയുണ്ടായിട്ടും പ്ലസ് വണ്ണിന് ചേരാനാകാതെ 85,709 കുട്ടികൾ; തട്ടിക്കൂട്ട് പരിഹാരവുമായി സർക്കാർ
Mail This Article
കോഴിക്കോട് ∙ പത്താം ക്ലാസ് പരീക്ഷയിൽ ഒറ്റ വിഷയത്തിനു മാത്രം എ പ്ലസ് നഷ്ടപ്പെട്ട സങ്കടത്തിലാണ് കണ്ണൂർ ജില്ലയിൽ ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. പത്താം ക്ലാസ് ജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടും പ്ലസ് വണ്ണിന് ചേരാനാകാതെ 85,000ലേറെ കുട്ടികൾ മലബാറിൽ ആശങ്കയിലായിരിക്കെയാണ് ഈ വാർത്ത പുറത്തുവരുന്നത്. ഒരു എ പ്ലസ് നഷ്ടപ്പെട്ടതിന് ഇത്രയേറെ മാനസികസമ്മർദം ആ കുട്ടി അനുഭവിക്കേണ്ടിവന്നെങ്കിൽ ഉപരിപഠനം തന്നെ മുടങ്ങുന്ന അവസ്ഥയിലുള്ള കുട്ടികൾ എത്ര സമ്മർദത്തിലും ആശങ്കയിലുമാണെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചു.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും മുട്ടാപ്പോക്ക് വാദങ്ങൾ ഉയർത്തിയും തട്ടിക്കൂട്ട് പ്രതിവിധി നിർദേശിച്ചുമാണ് സർക്കാർ മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസം എന്ന മൗലികാവകാശം നിഷേധിക്കുന്ന ഗുരുതരമായ പ്രശ്നമാണ് ഇവിടെ ഉടലെടുത്തിരിക്കുന്നത്. വിദ്യാർഥികളുടെ പഠനനിലവാരം കുറയുന്നുവെന്ന് പരക്കെ ആരോപണം ഉയരുന്നതിനിടെയാണ് തുടർപഠനത്തിനുള്ള വാതിലുകൾ കൂടി കൊട്ടിയടയ്ക്കപ്പെടുന്നത്.
ട്രയൽ വന്നു; ഇല്ലായ്മ തെളിഞ്ഞു
പ്ലസ് വൺ ട്രയൽ അലോട്മെന്റ് പുറത്തുവന്നതോടെ മലബാറിലെ സീറ്റ് ക്ഷാമം വ്യക്തമായി. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിലായി 2,45,976 അപേക്ഷകരാണുള്ളത്. 1,60,267 മെറിറ്റ് സീറ്റുകളിൽ 1,20,939 എണ്ണത്തിലേക്കാണ് ട്രയൽ അലോട്മെന്റ് നടന്നത്. അവശേഷിക്കുന്ന 39,328 സീറ്റുകൾ കൂടി പരിഗണിച്ചാലും ഈ ജില്ലകളിൽ ഏകജാലകത്തിൽ അപേക്ഷിച്ച 85,709 പേർക്ക് സീറ്റുണ്ടാകില്ല.
കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്ത് 82,425 അപേക്ഷകരിൽ 36,385 പേർക്കാണ് ട്രയൽ അലോട്മെന്റിൽ ഇടം ലഭിച്ചത്. ജില്ലയിൽ ഏകജാലക പ്രവേശനത്തിന് ലഭ്യമായ മെറിറ്റ് സീറ്റുകൾ 49,664 ആണ്. അവശേഷിക്കുന്ന സീറ്റുകൾകൂടി ചേർത്ത് ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചാലും മുപ്പത്തിരണ്ടായിരത്തോളം പേർക്ക് സീറ്റുണ്ടാകില്ല. പാലക്കാട് ജില്ലയിൽ 45,203 അപേക്ഷകർക്കായി മെറിറ്റിലുള്ളത് 27,199 സീറ്റുകളാണ്. ഇതിലേക്ക് 22,565 പേർക്കാണ് ട്രയൽ അലോട്മെന്റ് നൽകിയത്. 18004 സീറ്റുകളുടെ കുറവാണ് പാലക്കാട്ട്. കോഴിക്കോട് ജില്ലയിൽ 48,121 അപേക്ഷകർക്ക് 31,151 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതിലേക്ക് 23,731 പേർക്കാണ് ട്രയൽ അലോട്മെന്റ് ലഭിച്ചത്. 16,970 സീറ്റുകളുടെ കുറവ്.
മലബാറിൽ മെറിറ്റ് സീറ്റുകളും അപേക്ഷകരുടെ എണ്ണവും തമ്മിൽ വലിയ അന്തരം നിലനിൽക്കുമ്പോൾ, തെക്കൻ ജില്ലകളിൽ ഇത്രയും പ്രശ്നമില്ല. സീറ്റുകളുടെ എണ്ണവും അപേക്ഷകരുടെ എണ്ണവും തമ്മിൽ ചെറിയ വ്യത്യാസമാണുള്ളത്. തിരുവനന്തപുരത്ത് 34,558 അപേക്ഷയാണ് ലഭിച്ചത്. ഇവിടെ മെറിറ്റ് സീറ്റ് 25,991 ആണ്. ഇതിൽ 22,608 എണ്ണം അനുവദിച്ചു. 8,567 പേർക്കാണ് സീറ്റു ലഭിക്കാൻ സാധ്യത ഇല്ലാത്തത്. പത്തനംതിട്ടയിൽ 13,849 അപേക്ഷയാണ് ലഭിച്ചത്. മെറിറ്റ് സീറ്റ് 9,871 ആണ്. ഇതിൽ 8,221 സീറ്റ് അനുവദിച്ചു. 3978 സീറ്റുകളുടെ കുറവുണ്ട്. പത്തനംതിട്ടയിൽ നാലായിരത്തോളം സീറ്റുകളുടെ കുറവാണുള്ളതെങ്കിൽ മലപ്പുറത്തെത്തുമ്പോൾ ഈ കുറവ് മുപ്പത്തിരണ്ടായിരത്തോളമാകുന്നു. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ചില സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യവുമുണ്ട്.
പരിഹാരമായില്ല താൽക്കാലിക ബാച്ചും സീറ്റ് വർധനയും
താൽക്കാലിക ബാച്ചും 30 ശതമാനം വരെയുള്ള സീറ്റ് വർധനവും പരിഗണിച്ച ശേഷമാണ് മലബാറിൽ ഇത്രയും കുറവ്. പത്താം ക്ലാസിന് ശേഷമുള്ള മറ്റു ഉപരിപഠന സാധ്യതകളായ വിഎച്ച്എസ്ഇ, പോളിടെക്നിക്, ഐടിഐ മേഖലകളിൽ ആകെ 25,150 സീറ്റുകൾ മാത്രമാണ് മലബാർ മേഖലയിലുള്ളത്. ഈ രംഗത്തും സ്ഥാപനങ്ങളും കോഴ്സുകളും കൂടുതലുള്ളത് മലബാറിന് പുറത്താണ്. ആകെയുള്ള 72,641 സീറ്റുകളിൽ 47,491 സീറ്റും തൃശൂർ മുതൽ തിരുവനന്തപുരം വരെ ജില്ലകളിലാണ്.
പുതിയ ബാച്ചുകൾ അനുവദിക്കുന്നതിന് പകരം മാർജിനൽ സീറ്റ് 30% വരെ വർധിപ്പിക്കുന്ന നിലപാടാണ് കുറച്ചു വർഷങ്ങളായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇതുവഴി, 50 പേർ പഠിക്കേണ്ട ഒരു പ്ലസ് വൺ ക്ലാസിൽ 65ന് മുകളിൽ കുട്ടികളാണ് പഠിക്കുന്നത്. 2012ൽ സംസ്ഥാന സർക്കാർ നിയോഗിച്ച ലബ്ബ കമ്മിഷൻ, ഒരു പ്ലസ് വൺ ക്ലാസിൽ 40 വിദ്യാർഥികൾ മാത്രമേ ആകാവൂ എന്നാണ് നിർദേശിച്ചത്. അന്നത്തെ സർക്കാർ അത് പരമാവധി 50 വരെ ആകാമെന്ന് നിജപ്പെടുത്തുകയായിരുന്നു. അതിനെയും മറികടന്നാണ് മലബാർ ജില്ലകളിൽ 65 ലേറെ വിദ്യാർഥികളെ ഒരു ക്ലാസിൽ ഇരുത്തുന്നത്. ഇതുമൂലം ഒട്ടേറെ അക്കാദമിക പ്രശ്നങ്ങളാണുണ്ടാകുന്നത്. ഈ വർഷത്തെ ഫലം പരിശോധിച്ചാൽ ഫുൾ എ പ്ലസ് നേടുന്നതിൽ സംസ്ഥാന ശരാശരിയെക്കാൾ പിറകിൽ നിൽക്കുന്ന ആറ് ജില്ലകളിൽ നാലും മലബാറിലാണെന്ന് കാണാം.
ഫുൾ എ പ്ലസുകാർക്കും രക്ഷയില്ല
ട്രയൽ അലോട്മെന്റ് പുറത്തുവന്നപ്പോൾ ഫുൾ എ പ്ലസ് കിട്ടിയവർക്കു പോലും ഉദ്ദേശിച്ച സ്കൂളിൽ സീറ്റ് കിട്ടാത്ത അവസ്ഥയാണ്. ഫുൾ എ പ്ലസ് കിട്ടിയ കുറ്റ്യാടി സ്വദേശിക്ക് അഞ്ചാമതായി ഓപ്ഷൻ നൽകിയ സ്കൂളിലാണ് അലോട്മെന്റ് വന്നിരിക്കുന്നത്. ഫുൾ എ പ്ലസ് കിട്ടിയ മറ്റൊരു കുട്ടിക്ക് അലോട്മെന്റ് വന്നത് 40 കിലോമീറ്റർ അകലെയുള്ള സ്കൂളിലും. ചുരുക്കത്തിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടിക്ക് പോലും ഇഷ്ടപ്പെട്ട സ്കൂളിൽ സീറ്റ് കിട്ടാത്ത സാഹചര്യമാണ് മലബാറിൽ.
നിലവിലെ സംസ്ഥാന സർക്കാർ തന്നെ ഈ വിഷയം പഠിച്ച് പരിഹാരം സമർപ്പിക്കുവാൻ പ്രഫ. കാർത്തികേയൻ നായർ അധ്യക്ഷനായ കമ്മിറ്റിയെ നിയമിച്ചു. ആ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. അത് സർക്കാർ ഇതുവരെ പുറത്തുവിട്ടില്ല. സംസ്ഥാനത്ത് നിലനിൽക്കുന്ന 1:50 എന്ന അനുപാതത്തിൽ പ്ലസ് വൺ ക്ലാസുകൾ വരുന്ന വിധത്തിൽ മലബാർ ജില്ലകളിൽ പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് ഈ വിഷയത്തിൽ ശാശ്വത പരിഹാരം. നിലവിൽ തെക്കൻ ജില്ലകളിൽ വിദ്യാർഥികൾ കുറവുള്ള ബാച്ചുകൾ ഒരുമിപ്പിച്ചശേഷം അവശേഷിക്കുന്നവ മലബാർ മേഖലയിലേക്ക് മാറ്റുകയും ചെയ്യാമെന്ന് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു.