ADVERTISEMENT

തിരൂർ∙ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ എസ്എച്ച്ഒയ്ക്കും എസ്ഐക്കും സസ്പെൻഷൻ. വളാഞ്ചേരി എസ്എച്ച്ഒ യു.എച്ച്. സുനിൽദാസ് (53), എസ്ഐ: പി.ബി. ബിന്ദുലാൽ (48) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഐ ബിന്ദുലാലിനെ അറസ്റ്റു ചെയ്തു. എസ്എച്ച്ഒ സുനിൽദാസ് ഒളിവിലാണ്. സ്ഫോടകവസ്തു പിടിച്ചെടുത്ത കേസിലെ പ്രതിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് ഇവർക്കെതിരായ കേസ്.

കഴിഞ്ഞ മാർച്ചിലാണ് വളാഞ്ചേരി എസ്ഐ ബിന്ദുലാലും ഇൻസ്പെക്ടർ സുനിൽദാസും ചേർന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. കേസിൽ പ്രതിയായ തിരൂർ മുത്തൂർ സ്വദേശി നിസാറിനെയും കൂട്ടാളികളെയും റിമാൻഡിലാക്കുമെന്ന് എസ്ഐയും ഇൻസ്പെക്ടറും ഭീഷണിപ്പെടുത്തി. ഇവരുടെ കൂടെയുള്ള ചില ഭൂവുടമകൾക്കെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് കൈക്കൂലി ആവശ്യപ്പെട്ടു. ഇതുപ്രകാരം ബിന്ദുലാൽ 10 ലക്ഷം രൂപയും സുനിൽദാസ് 8 ലക്ഷം രൂപയും കൈക്കൂലിയായി വാങ്ങി. ഇതിനെല്ലാം ഇടനിലക്കാരനായിനിന്ന അസൈനാർ 4 ലക്ഷം രൂപയും കൈപ്പറ്റി.

നിസാർ ഈ വിവരം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം, മലപ്പുറം ‍ഡിവൈഎസ്പി ടി.മനോജാണു പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് തിരൂർ ഡിവൈഎസ്പിക്കു കൈമാറി. തിരൂർ ഡിവൈഎസ്പി ഇന്നലെ രാവിലെ  വളാഞ്ചേരി സ്റ്റേഷനിലെത്തി പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയും എസ്ഐയെയും ഇടനിലക്കാരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇതിനിടെ ഇൻസ്പെക്ടർ ഒളിവിൽ പോയി. അറസ്റ്റിലായ പ്രതികളെ ഇന്നലെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

SHO and SI Suspended Over Rs 22 Lakh Bribery Involving Quarry Owners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com