സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു; മുൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മിഷൻ അംഗം
Mail This Article
കൊച്ചി∙ മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിന്റെ പത്നി ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. സംസ്ഥാന നിയമ പരിഷ്കരണ കമ്മിഷൻ അംഗവും ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. കാസർകോഡ് ഭീമനടിയിൽ പരേതനായ അഗസ്റ്റിൻ പാലമറ്റത്തിൻെറയും പരേതയായ അനസ്താസിയയുടെയും മകളാണ്.
മക്കൾ: ഡോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ, നോർവേ), റോൺ സെബാസ്റ്റ്യൻ (ഹൈക്കോടതി അഭിഭാഷകൻ), ഷോൺ സെബാസ്റ്റ്യൻ (മാധ്യമപ്രവർത്തകൻ/ ഡോക്യുമെന്ററി സംവിധായകൻ). മരുമക്കൾ: ഡെൽമ ഡൊമിനിക് ചാവറ ( നോർവെ), സബീന പി. ഇസ്മയിൽ (ഗവൺമെന്റ് പ്ലീഡർ, ഹൈക്കോടതി).
1985ൽ കാസർകോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടർ ആക്സിഡൻറ് ക്ളെയിംസ് ട്രിബ്യൂണൽ, നിയമവകുപ്പിൽ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഷികാദായ നികുതി– വിൽപന നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ ചെയർപഴ്സനും ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവും ആയിരുന്നു.
പോൾസ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു. ‘ഫൊർഗോട്ടൺ വിക്ടിം’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ സെമിത്തേരിയിൽ.