‘ഒളിച്ചോടരുത്, ആത്മപരിശോധന നടത്തണം’: എക്സിറ്റ് പോൾ ചർച്ചയ്ക്കില്ലെന്ന നിലപാടിനെ പരിഹസിച്ച് ബിജെപി
Mail This Article
ഡൽഹി∙ എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് നിലപാടിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രതിപക്ഷം പരാജയം സമ്മതിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘‘വൻ തോൽവിയെക്കുറിച്ച് കോൺഗ്രസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി എങ്ങനെയാണ് കോൺഗ്രസ് മാധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിമുഖീകരിക്കുക? അതാണ് അവർ എക്സിറ്റ് പോളുകളിൽനിന്ന് ഒളിച്ചോടുന്നത്. കോണ്‍ഗ്രസ് പാർട്ടിയോട് ഒളിച്ചോടരുതെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. തോൽവിയെ നേരിട്ട്, ആത്മപരിശോധനയ്ക്ക് തയാറാകണം. ഈ തിരഞ്ഞെടുപ്പിൽ ഉടനീളം തങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. ഇപ്പോൾ സാഹചര്യം അവർക്കും മനസിലായി. എക്സിറ്റ് പോളിൽ കോൺഗ്രസിനു വലിയ തിരിച്ചടിയുണ്ടാകും. അതിനാലാണ് എക്സിറ്റ് പോളുകളിൽ ഒരു കാര്യവുമില്ലെന്ന് കോൺഗ്രസ് പറയുന്നത്’’– അമിത്ഷാ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. റേറ്റിങ് കൂട്ടാനുള്ള ചാനലുകളുടെ യുദ്ധത്തിനപ്പുറം ഇത്തരം ഊഹാപോഹങ്ങളുന്നയിക്കുന്നതിൽ കാര്യമില്ലെന്നായിരുന്നു എഐസിസി വക്താവ് പവൻ ഖേര സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്. ‘‘വോട്ടർമാർ അവരുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ജൂൺ 4ന് ഫലം പുറത്തുവരുകയും ചെയ്യും. ജനങ്ങളെ കാര്യങ്ങൾ അറിയിക്കുകയാണ് ഏതൊരു ചർച്ചയുടെയും ലക്ഷ്യം. ജൂൺ 4ന് ശേഷം നടക്കുന്ന സംവാദങ്ങളിൽ സന്തോഷത്തോടെ ഞങ്ങൾ പങ്കെടുക്കും’’– പവൻ ഖേര കുറിച്ചു. ഇന്ത്യാ സഖ്യം അധികാരത്തിൽവരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.