ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്കു സാധ്യത. കേരള തീരത്തിന് അരികെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലങ്കര ഡാമിന്റെ നാല് ഷട്ടറുകൾ രണ്ട് മീറ്റർ വീതം ഉയർത്തും. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.  രാത്രിയിൽ മഴ ശക്തിപ്പെട്ടതോടെ മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയർന്നു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടുക്കിയിൽ ഇന്നലെ രാത്രി കനത്ത മഴ ലഭിച്ചു. വെള്ളിയാമറ്റത്ത് രണ്ട് ക്യാംപുകൾ തുറന്നു. 

സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചതു കോട്ടയത്താണ്. വേനൽമഴയുടെ സമയമായ മാർച്ച് ഒന്നു മുതൽ മേയ് 31 വരെ ശരാശരി 838.7 മില്ലീമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. ശരാശരി 449.6 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. 87 ശതമാനം അധികമഴ പെയ്തു. ഇതിൽ ഭൂരിഭാഗവും മേയ് മാസത്തിന്റെ രണ്ടാം പകുതിയിലാണു ലഭിച്ചത്.

ഇടുക്കി ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്നലെ വൈകിട്ട് തുടങ്ങിയ മഴയിൽ വ്യാപകനാശമുണ്ടായി. വിവിധയിടങ്ങളിൽ ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലുമുണ്ടായി. മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രിയാത്ര കലക്ടർ നിരോധിച്ചു. തൊടുപുഴ–പുളിയന്മല സംസ്ഥാനപാതയിലെ കരിപ്പലങ്ങാട്ട് മണ്ണിടിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു. പാതയിൽ നാടുകാണിക്കടുത്ത് ഇന്നലെ വൈകിട്ട് 6നു മണ്ണിടിഞ്ഞുവീണ് 2 കാറുകൾ മണ്ണിനും മരങ്ങൾക്കുമടിയിൽ കുടുങ്ങി. പാലാ സ്വദേശി ബോണിയും കുടുംബവുമാണ് ഒരു കാറിലുണ്ടായിരുന്നത്. ഒരു കാർ ഭാഗികമായും ഒരു കാർ പൂർണമായും മണ്ണിനടിയിലായി. മണ്ണിടിഞ്ഞുവരുന്നതു കണ്ടതോടെ കാർ നിർത്തി ഇറങ്ങിയോടിയതിനാൽ ദുരന്തം ഒഴിവായി. 

English Summary:

It may heavy rain for seven days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com